ആലപ്പുഴ : ഇന്ത്യൻ ഭരണഘടന അതീവ ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും സംരക്ഷിക്കേണ്ടവരിൽ നിന്നുതന്നെ അതുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ 71 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണഘടനാപരമായി സ്വീകാര്യമല്ലാത്ത നടപടികൾ ഉണ്ടായത് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. യുവാക്കൾ ഭരണഘടനയ്ക്കു വേണ്ടി സർവകലാശാലകളിൽ രക്തമൊഴുക്കുന്ന കാഴ്ചയാണ് നാടെങ്ങും.
ഭരണഘടനയുടെ ശിഖരങ്ങൾ മുറിച്ചു കളയാനും തായ് വേരിന് കത്തി വെക്കാനും ശ്രമിക്കുന്ന ഏതൊരാളും സ്വയം ഇല്ലാതാകും. കാരണം ഭരണഘടനയാണ് അവരുടെ നിലനിൽപ്പിനു ആധാരം എന്ന് മനസ്സിലാക്കണം. ആരുടേയും അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രശ്‌നമല്ലിത്. ചെയ്യാൻ പാടില്ലാത്തത് ചെയ്തുകൂടാ എന്ന പ്രകൃതിനിയമം അംഗീകരിച്ച് ഭരണഘടനക്കെതിരെ ഊരിയ ഉടവാൾ ഉറയിലേക്ക് തന്നെ ഇടണമെന്ന് മന്ത്രി പറഞ്ഞു.
വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങൾ നടത്താനും പോരായ്മയുള്ള സർക്കാരുകളെ മാറ്റാനും അധികാരം ജനങ്ങൾക്ക് നൽകുന്ന ഭരണഘടനയാണ് നമുക്കുള്ളത്. കേരളം വിവിധ മേഖലകളിൽ കഴിഞ്ഞ നാളുകളിൽ ഏറെ മുന്നേറി. ഗവർണർ തന്നെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.