ആലപ്പുഴ: റിപ്പബ്ലിക് ദിനം ജില്ലയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി ജി. സുധാകരൻ പതാക ഉയർത്തി. തുടർന്ന് കമാൻഡർ വിനോദ് കുമാറിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ സഞ്ചരിച്ച് മന്ത്രി പരേഡ് പരിശോധിച്ചു. സായുധ സേന, ലോക്കൽ-വനിത പൊലീസ്, എക്‌സൈസ്, അഗ്നിശമന രക്ഷാസേന എന്നിവയ്ക്കു പുറമേ ജില്ലയിലെ വിവിധ സ്‌കൂൾ-കോളേജുകളിലെ എൻ.സി.സി, സ്റ്റുഡന്റ്‌സ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് പ്ലാറ്റൂണുകൾ എന്നിവരും പരേഡിൽ അണിനിരന്നു.

എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കളക്ടർ എം. അഞ്ജന, മുൻ എം.എൽ.എ എ.എ.ഷുക്കൂർ, നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ജി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരേഡിൽ പൊലീസ് വിഭാഗത്തിൽ കെ.ആർ. ഷാജി നയിച്ച കേരള സിവിൽ പൊലീസ് പ്ലാറ്റൂൺ ഒന്ന് എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.

എൻ.സി.സി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നിജു ജയൻ നേതൃത്വം നൽകിയ കാർമൽ പോളിടെക്‌നിക് കോളേജ്, പെൺകുട്ടികളുടെ വിഭാഗത്തിൽ ആശ സി.മാത്യു നയിച്ച എസ്.ഡി കോളേജ്, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മിഥുൻ സന്തോഷ് നയിച്ച എച്ച്.എച്ച്.എസ് തിരുവമ്പാടി, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാവ്യ രഞ്ജിത്ത് നയിച്ച ടി.ഡി. എച്ച്.എസ് എന്നിവ മികച്ച പ്ലാറ്റൂണുകൾക്കുള്ള എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.

മികച്ച ഗൈഡ്സ് വിഭാഗത്തിൽ തെരേസ നയിച്ച സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, സ്‌കൗട്ട് വിഭാഗത്തിൽ ഷിനാസ് നയിച്ച ലിയോ തേർട്ടീന്ത് എച്ച്.എസ്, ബുൾബുൾ വിഭാഗത്തിൽ റിംഷ അഫ്‌സൽ നയിച്ച സെന്റ് ജോസഫ് എൽ.പി.എസ്, കബ്സ് വിഭാഗത്തിൽ സാവിയോ എസ്.ആന്റണി നയിച്ച ലിയോ തേർട്ടീന്ത് എൽ.പി.എസ്, റെഡ് ക്രോസ് വിഭാഗത്തിൽ അഫ്‌ന ഷിജു നേതൃത്വം നൽകിയ സെന്റ് ആന്റണീസ് ജി.എച്ച്.എസ് എന്നിവ മികച്ച പ്ലാറ്റൂണുകൾക്കുള്ള എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഹയർ സെക്കൻഡറിയിൽ മികച്ച ബാൻഡ് ട്രൂപ്പിനുളള ട്രോഫി സുഹൈൽ നേതൃത്വം കൊടുത്ത ലജ്‌നത് മുഹമ്മദീയ ഹൈസ്‌കൂളും ഹൈ സ്‌കൂൾ വിഭാഗത്തിൽ നൈജിൽ നയിച്ച ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാളത്തും യു.പി വിഭാഗത്തിൽ അലക്‌സ് വി.മാത്യു നേതൃത്വം നൽകിയ മോർണിംഗ് സ്റ്റാർ യു.പി.എസും നേടി. ട്രോഫികൾ മന്ത്രി ജി. സുധാകരൻ വിതരണം ചെയ്തു.