മാളികമുക്ക് ജംഗ്ഷനിൽ ആദ്യ ഗർഡർ സ്ഥാപിച്ചു
ആലപ്പുഴ:ആലപ്പുഴ ബൈപ്പാസിന്റെ പൂർത്തീകരണത്തിനുള്ള തടസങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി നീങ്ങുന്നു. മാളികമുക്ക് ജംഗ്ഷനിലുള്ള ഒന്നാമത്തെ റെയിൽവേ ഓവർബ്രിഡ്ജിന്റെ ആദ്യ ഗർഡർ മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ പുലർച്ചെ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗ തീരുമാന പ്രകാരമാണ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ മിന്നൽ വേഗത്തിലായത്.
റയിൽവേയുടെയും ദേശീയപാത വിഭാഗത്തിന്റെയും പ്രവൃത്തികൾ പൂർത്തീകരിച്ച്, ഏപ്രിൽ 30ഓടെ ബൈപ്പാസിന്റെ പണി പൂർത്തിയാക്കാനാണ് അന്തിമ തീരുമാനം. റെയിൽവേ ഉദ്യോഗസ്ഥരുടെയും ദേശീയ പാത വിഭാഗം എൻജിനിയർമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ആദ്യ ഗർഡർ സ്ഥാപിച്ചത്. പുലർച്ചെ 1.30 മുതൽ 3.30 വരെ തീരപാതയിലെ ഈ ഭാഗത്തുകൂടിയുള്ള റെയിൽഗതാഗതം ബ്ലോക്ക് ചെയ്തു. ആദ്യ ഗർഡർ സ്ഥാപിച്ചതോടെ ഇനി നാല് ഗർഡറുകൾ കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്.
ഗർഡറുകൾ സ്ഥാപിക്കാനായി ജനുവരി 30 വരെയാണ് റെയിൽ ഗതാഗതം ബ്ലോക്ക് ചെയ്യാൻ റെയിൽവേ അനുമതി നൽകിയത്. സമീപത്തെ സർവീസ് റോഡുകളിൽ രാത്രികാലത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മന്ത്രി ജി.സുധാകരൻ സതേൺ റെയിൽവേ അധികൃതരുമായി സംസാരിച്ച് ജോലികൾ ത്വരിതപ്പെടുത്തുന്ന കാര്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്. ബൈപ്പാസിന്റെ 85 ശതമാനം ജോലികളും ഈ സർക്കാരിന്റെ കാലത്താണ് പൂർത്തീകരിച്ചതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
രണ്ടരമാസം കൊണ്ട് ഈ ഭാഗത്തെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയും. ആർ.ഒ.ബി രണ്ടിലും കളർകോട് ഭാഗത്തെയും ഗർഡറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആർ.ഒ.ബി രണ്ടിലെ ഗർഡറുകളുടെ ബോൾട്ടുകൾ സ്ഥാപിച്ച് ആവശ്യമായ മാറ്റങ്ങൾ ഈ മാസം പൂർത്തീകരിച്ച് റെയിൽവേ അധികൃതർ പരിശോധന നടത്തും. തുടർന്ന് ആർ.ഒ.ബി ഒന്നിൽ നടക്കുന്നത് പോലെ റെയിൽവേയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നാല് ദിവസം കൊണ്ട് ആർ.ഒ.ബി രണ്ടിലെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പൂർത്തീകരിക്കാനാവും. മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടുകൂടി ബൈപാസ് ഗതാഗതത്തിന് സജ്ജമാകും.
ഒത്തൊരുമിച്ച്
നൂറിലേറെ സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും ചേർന്നാണ് ഒരു ഗർഡർ മേൽപ്പാലത്തിൽ സ്ഥാപിച്ചത്. റെയിൽവേയുടെ സാങ്കേതിക വിദഗ്ദ്ധരും ഉണ്ടായിരുന്നു. ആദ്യ ഗർഡർ സ്ഥാപിക്കവേ രാത്രി ഒരു മണിയോടെ മന്ത്രി ജി. സുധാകരൻ നേരിട്ടെത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ഡോ. സിനി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ ഓവർസിയർ എന്നിവരും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
.....................................
# ബൈപാസ് ചുരുക്കം
തുടങ്ങിയത് അരനൂറ്റാണ്ട് മുമ്പ്
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലം വരെ 15 ശതമാനം പൂർത്തിയായി
ശേഷിച്ച 85ൽ 83 ശതമാനവും പൂർത്തിയായത് ഈ സർക്കാരിന്റെ കാലത്തെന്ന് മന്ത്രി ജി. സുധാകരൻ
റെയിൽവേയുടെ സാങ്കേതിക വിഷയം മൂലം നഷ്ടപ്പെട്ടത് ഒന്നര വർഷം
മന്ത്രി ജി.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനെ സമീപിക്കുന്നു
പുരോഗതി ഉണ്ടായത് കഴിഞ്ഞ 4 മാസത്തിനിടെ
ഗർഡറുകൾ സ്ഥാപിക്കുന്നതോടെ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാവും
രണ്ടരമാസത്തിനുള്ളിൽ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ച് ബൈപാസ്
തുറക്കാനാവും
.......................................................................