കുട്ടനാട് : ഒരു നാടൻ പാട്ടൊന്നു പാടാമോ എന്ന് അംബരനോട് ചോദിച്ചാൽ പാട്ടുകളുടെ പ്രവാഹമാകും മറുപടി. അതും ഹൃദയത്തിൽ തൊട്ടറിഞ്ഞ് പാടുന്ന, മണ്ണിന്റെ മണമുള്ള പാട്ടുകൾ. കർഷകത്തൊഴിലാളിയായ കാവാലം പൊൻമാലാക്കൽ വിശ്വംഭരനെന്ന അംബരൻ രണ്ട് സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിതം തള്ളിനീക്കുന്ന ഈ കലാകാരനെ മുന്നോട്ട് നയിക്കുന്നതും പാടാനുള്ള ഈ കഴിവ് തന്നെ.
ഷഷ്ഠിപൂർത്തി കടന്ന അംബരന് ചക്രംചവിട്ട് പാട്ട്, ഞാറ്റ് പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയ നാടൻപാട്ടുകളുടെ ഏത് ശീലും ഹൃദിസ്ഥം. നാടൻ പാട്ട് കഴിഞ്ഞേ പിന്നെന്തും ജിവിതത്തിലുള്ളൂ. പാട്ടിന്റെ കാര്യത്തിൽ കൊയ്ത്ത് പാട്ടെന്നോ ഞാറ്റുപാട്ടെന്നോ വള്ളംകളിപ്പാട്ടെന്നോ പ്രത്യേക വേർതിരിവൊന്നും ഈ കലാകാരനില്ല. ഇതിൽ ഏത് പാട്ടും ഹൈ പിച്ചിൽ പാടാനുള്ള കഴിവ് ഒന്നുവേറെയാണ്.
സംസ്ഥാന അവാർഡ് നേടിയ,അങ്ങ് ദൂരെ ദൂരെ ഒരു ദേശത്തെന്ന സിനിമയിൽ 'മഞ്ഞിൻമലയോരത്ത്.......പൊന്നമ്പിളി പൂത്തത് മഞ്ഞിൽ",ജയരാജിന്റെ ഒറ്റാൽ എന്ന ചിത്രത്തിൽ 'ഇരുപത്തെട്ടല ചക്രംചവുട്ടിയേ ഈ മഞ്ഞത്തും മേലാകെവിയർത്തേ.." എന്നീ പാട്ടുകൾ അംബരന്റെ ശബ്ദത്തിൽ പുറത്തുവന്നതാണ് . കാവാലം നാരായണപ്പണിക്കർ മുതൽ കാവാലം രംഭ വരെയുള്ളവരുടെ പിൻമുറക്കാരിൽ ഒരാളാണ് അംബരൻ. എട്ടാംക്ലാസ്സുവരെ മാത്രം പഠിച്ചിട്ടുള്ള ഈ കലാകാരൻ ഭൂരിഭാഗം നാടൻ പാട്ടുകളും കേട്ടു പഠിച്ചതാണ്. ഒറ്രു പ്രാവശ്യം കേട്ടാൽ പാട്ടിന്റെ വരികൾ മനഃപ്പാഠമാക്കാനുള്ള കഴിവ് എടുത്തു പറയണം.
നാടൻപാട്ട് രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് . 2012ൽ സാംസ്‌കാരികവകുപ്പ് ഗുരുപൂജ പുരസ്‌കാരം നൽകി ഈ പ്രതിഭയെ ആദരിച്ചിരുന്നു. 2017ൽ നിറവ് പരിപാടിയിൽ എംജിസർവ്വകലാശാല ആദരിച്ചു. ഇങ്ങനെ നിരവധി അംഗീകാരങ്ങൾ ഈ നാടൻ പാട്ടുകാരനെത്തേടിയെത്തിയിട്ടുണ്ട്.
കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ കാവാലത്ത് രൂപം കൊണ്ട കുരുന്നുകൂട്ടം എന്ന കളരിയുടെ പ്രധാനപരിശീലകനുമായി, . നാടൻപാട്ട് പാടാനുള്ള അംബരന്റെ കഴിവിനെക്കുറിച്ച് കേട്ടറിഞ്ഞ കാവാലം ഈ കലാകാരനെ വിളിച്ചുവരുത്തുകയും കളരിയുടെ പ്രധാന പരിശീലകനാക്കുകയുമായിരുന്നു. കാവാലം നാരായണപ്പണിക്കരിലൂടെ സിനിമാരംഗത്തെ പല പ്രമുഖരുമായി പരിചയപ്പെടാനും അങ്ങനെ സിനിമയിൽ നാടൻപാട്ടുകൾക്ക് ശബ്ദം പകരാനും അവസരം കൈവന്നു. ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിൽ രണ്ടു ചെറിയ സീനുകളിൽ അഭിനയിക്കാനുമുള്ള ഭാഗ്യവും അംബരന് ലഭിച്ചു.