ഹരിപ്പാട്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പത്താംക്ളാസുകാരനെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി. തുലാംപറമ്പ് തെക്ക് സ്വദേശിയായ, ബഥനി സ്കൂളിലെ 10-ാം ക്‌ളാസുകാരനെയാണ് യൂണികോൺ ബൈക്കിൽ എത്തിയ യുവാവ് ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഹരിപ്പാട് റോള ആഡിറ്റോറിയത്തിന് സമീപത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സംഭവത്തെ പറ്റി കുട്ടി പറയുന്നത്: മാതാവും മുത്തശ്ശിയും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. പ്ളസ് വൺ വിദ്യാർത്ഥിയായ സഹോദരനും വീട്ടിലുണ്ടായിരുന്നു. വീടിന് പുറത്ത് ബൈക്ക് നിറുത്തിയ ശേഷം എത്തിയ യുവാവ് അമ്മയ്ക്ക് അപകടം സംഭവിച്ചെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ ബൈക്കിൽ കയറി. ഹരിപ്പാട് നഗരത്തിലൂടെ കറങ്ങി ഡാണാപ്പടി പാലത്തിന് താഴെ എത്തിയപ്പോൾ രണ്ട് ദിശയിൽ നിന്നു വാഹനം വന്നതിനെ തുടർന്ന് ബൈക്ക് നിറുത്തി. യാത്രയ്ക്കിടെ യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയതിനാൽ ബൈക്ക് നിറുത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നെന്നും വിദ്യാർത്ഥി പറഞ്ഞു.
ഭയന്നു വിറച്ച് വീട്ടിലെത്തിയ കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.