അമ്പലപ്പുഴ : കുറവൻതോട് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള തോട്ടിൽ മാലിന്യം കുമിഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. മാലിന്യം നീക്കം ചെയ്യാത്തതിനാൽ തോടിനോട് ചേർന്നുള്ള പഴയ നടക്കാവ് റോഡിലെ കൽക്കെട്ട് നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.
കുറവൻതോട് ജംഗ്ഷൻ മുതൽ കിഴക്ക് വെള്ളാപ്പള്ളി മുക്ക് വരെ റോഡിന് വീതി കൂട്ടുന്നതിനായി കൽക്കെട്ട് നിർമ്മാണം നടന്നു വരുകയാണ്. ഈ ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതരോട് പൊതുമരാമത്ത് വകുപ്പ് അധികൃതർ ആവശ്യപ്പെട്ടങ്കിലും നടപടി സ്വീകരിക്കാത്തതിനാൽ കൽക്കെട്ട് നിർമ്മാണം പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ദിവസേന നൂറ് കണക്കിന് സ്കൂൾ വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിൽ പൊടിയും ദുർഗന്ധവും മൂലം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് . പകർച്ചവ്യാധി പടരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. കൽക്കെട്ട് നിർമ്മാണം തടസപ്പെട്ടതിനാൽ റോഡ് നിർമ്മാണവും മന്ദഗതിയിലായി .കുറവൻതോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും രാത്രിയുടെ മറവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടി ശിക്ഷിക്കണമെന്നും ആണ് നാട്ടുകാരുടെ ആവശ്യം .ഈ കാര്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് കുറവൻതോട് റെസിഡന്റ്സ് അസോസിയേഷൻ.