അരൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചന്തിരൂർ സ്വദേശി റക്കീബിനാണ് (19) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചന്തിരൂർ നാടങ്ങാട് സുരാജിനെ (26) അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് ചന്തിരൂർ പാലത്തിന് തെക്കുവശത്താണ് യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സുരാജിനെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലായ സുരാജിന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനും എരമല്ലൂർ പിള്ള മുക്കിലെ തട്ടുകട തീയിട്ടു നശിപ്പിച്ചതിനും കണ്ടാലറിയാവുന്ന നാലുപേരുടെ പേരിൽ അരൂർ പൊലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്. ഈ സംഘത്തിലുണ്ടായിരുന്ന ഒരാൾ കസ്റ്റഡിയിലാണ്. റക്കീബിനെ വെട്ടിയതിന് പിന്നാലെയാണ് കട കത്തിച്ചത്.
എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന്റെ തുടക്കം. ഇതു പറഞ്ഞു തീർക്കാനെന്ന വ്യാജേന വിളിച്ചുകൂട്ടിയ സ്ഥലത്തും ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. സുരാജും കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും ചേർന്ന് വടിവാൾ വീശി. ഇതിനിടെയാണ് റക്കീബിന് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുരാജിനെ പിടികൂടി അരൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇരു വിഭാഗത്തിലെയും മുഴുവൻ പേരെയും ഉടൻ പിടികൂടുമെന്ന് അരുർ എസ്.ഐ കെ.എൻ.മനോജ് പറഞ്ഞു.