ആലപ്പുഴ : കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഉത്പാദനത്തിൽ വിജയഗാഥ കുറിക്കുകയാണ് കുടുംബശ്രീ യൂണിറ്റുകൾ. കെട്ടിടം നിർമ്മിക്കാനാവശ്യമായ സിമന്റ് ഇഷ്ടികകൾ, ഹോളോ ബ്രിക്‌സുകൾ, ജനൽ, വാതിൽ കട്ടിളകൾ, ഇന്റർലോക്ക് ടൈൽസ്, കിണർ റിംഗുകൾ തുടങ്ങിയ കോൺക്രീറ്റ് ഉത്പന്നങ്ങളാണ് കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിക്കുന്നത്.
ഇത്തരത്തിൽ 16 യൂണിറ്റുകളിൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും 11 യൂണിറ്റുകളാണ് കാര്യക്ഷമമായി മുന്നോട്ട് പോകുന്നത്. കായംകുളം യൂണിറ്റാണ് ഏറെ മുന്നിൽ. ഇവർ ഒരു ദിവസം ശരാശരി 1000 ഹോളോബ്രിക്സ് നിർമ്മിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചും പ്രവർത്തിക്കുന്ന യൂണിറ്റുകളും നിലവിലുണ്ട്. ആര്യാട് പഞ്ചായത്തിൽ 30 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. യന്ത്രവത്കൃതമല്ലാതെ സിമന്റ് ഇഷ്ടികകളുണ്ടാക്കുന്ന യൂണിറ്റുകളാണ് ജില്ലയിൽ കൂടുതൽ. ഒരു ദിവസം 35 ഇഷ്ടികകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ യൂണിറ്റുകൾക്കുള്ളത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി യൂണിറ്റുകൾ പ്രവർത്തിപ്പിക്കുമ്പോൾ സെമി സ്‌കിൽഡ് തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി കൂലി ലഭ്യമാക്കും.
ബ്ലോക്ക് അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനായി, തൊഴിലുറപ്പ് പദ്ധതിയിൽ ആവശ്യമുള്ള നിർമ്മാണ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിവരുന്ന അസംസ്‌കൃത വസ്തുക്കൾ വാങ്ങിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസുകളെ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികളെ) വെണ്ടർ ആക്കുന്നതിന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇതു പ്രായോഗികമാക്കുന്നത് വഴി സി.ഡി.എസുകൾക്കും വരുമാനം ലഭിക്കും.
യൂണിറ്റുകൾ മൂന്ന് വിധം
കൈകൊണ്ട് ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കുന്നത്
സെമി ഓട്ടോമാറ്റിക് രീതിയിൽ നിർമ്മാണം നടത്തുന്നവ
പൂർണമായും യന്ത്രവത്കൃത യൂണിറ്റുകൾ
1000 : ജില്ലയിലെ യൂണിറ്റുകൾ ഒരു ദിവസം ശരാശരി നിർമ്മിക്കുന്ന ഇഷ്ടികകൾ
16 : ജില്ലയിൽ ആകെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ
11 : കാര്യക്ഷമമായി പ്രവർത്തിക്കുന്ന യൂണിറ്റുകൾ
പരിശീലനം
സി.ഡി.എസ് അംഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ജനറൽ ഒാറിയന്റേഷൻ ക്ലാസുകൾ നടത്തും. ഇതിൽ നിന്ന് കെട്ടിട നിർമ്മാണ വസ്തുക്കൾ ഉണ്ടാക്കാൻ അഭിരുചിയുള്ള ആളുകളെ കണ്ടെത്തി ഗ്രൂപ്പുകളാക്കിയ ശേഷം അംഗങ്ങൾക്ക് പരിശീലനം നൽകും. സെമി ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് സ്ഥലവും യന്ത്രങ്ങളും വാങ്ങാനുള്ള സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകും. ദിവസം 850 ഇഷ്ടികകൾ വരെ ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റുകൾക്ക് കഴിയും. തൊഴിലുറപ്പ് പദ്ധതിയുമായും തദ്ദേശ സ്ഥാപനങ്ങളുമായും സംയോജിച്ച് പ്രവർത്തിക്കുന്ന യൂണിറ്റുകളുത്പാദിപ്പിക്കുന്ന സാമഗ്രികകൾ പലപ്പോഴും കുറഞ്ഞ നിരക്കിൽ ലൈഫ് ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്നു.
'' കൂടുതൽ അവസരങ്ങളുണ്ടെന്ന് കണ്ടെത്തിയാണ് കെട്ടിട നിർമ്മാണ സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ കുടുംബശ്രീ ആരംഭിച്ചത്. ഓരോ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ഓരോ കെട്ടിടനിർമ്മാണ സാമഗ്രി ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കണം എന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീ.
(സി.പി.സുനിൽ, കുടുംബശ്രീ ജില്ലാ കോ-ഒാർഡിനേറ്റർ)