 ഇന്നലെയോടെ മുഴുവൻ ഗർഡറുകളും സ്ഥാപിച്ചു

ആലപ്പുഴ: ബൈപ്പാസിലെ ഒരു റെയിൽവേ ഓർവർബ്രിഡ്ജിലെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുവാൻ കഴിഞ്ഞതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. 27 മുതൽ 30വരെ തീയതികളിൽ ഗർഡർ സ്ഥാപിക്കുന്നതിന് പുലർച്ചെ 1.10 മുതൽ 3.30വരെ ട്രെയിൻ ഗതാഗത നിയന്ത്രണത്തിന് റെയിൽവേ അനുമതി നൽകിയിരുന്നു. ഇന്നലെ വെളുപ്പിന് ട്രയിൻ ഗതാഗതം തടസപ്പെടുത്താതെ അര മണിക്കൂർ കൂടി അധികമായി ലഭിച്ചത് മൂലം മുഴുവൻ ഗർഡറും സ്ഥാപിക്കാൻ സാധിച്ചു.

രണ്ടുദിവസം കൊണ്ട് ഗർഡറുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഷട്ടർപണി പൂർത്തിയാക്കും. തുടർന്ന് ഇരുവശവുമുള്ള സ്പാനുകൾ പിടിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. പാലങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് കോൺക്രീറ്റ് പൂർത്തീകരിച്ച് ഒന്നര മാസത്തിനുള്ളിൽ എല്ലാ ജോലികളും തീർക്കാനാകും.

ഇതോടൊപ്പം രണ്ടാമത്തെ ഓവർ ബ്രിഡ്ജിൽ ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. റെയിൽവേയുടെ അംഗീകാരത്തോടെ അഞ്ച് ഗർഡറുകൾ സ്ഥാപിച്ച് രണ്ട് മാസം കൊണ്ട് ടാറിംഗ് ഉൾപ്പടെ പൂർത്തീകരിച്ച് ഏപ്രിൽ 30 ഓടെ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആലപ്പുഴ നിവാസികളുടെ 40 വർഷത്തെ കാത്തിരുപ്പ് സഫലമാകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.