ആലപ്പുഴ: ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'സഹയാനം' മാലിന്യമുക്ത ഭരണിക്കാവ് പദ്ധതിക്ക് തുടക്കമായി. ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ ശീലമാക്കുകയാണ് ലക്ഷ്യം. ഉദ്ഘാടനവും സ്റ്റീൽ പാത്രങ്ങളുടെ വിതരണവും ആർ. രാജേഷ് എം.എൽ.എ നിർവഹിച്ചു.
ആഹാരം വിളമ്പാനും കഴിക്കാനുമുള്ള പാത്രങ്ങൾ ബ്ലോക്കിനു കീഴിലെ 6 പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനകൾ വഴി വിവിധ ചടങ്ങുകളിൽ എത്തിക്കും. ചടങ്ങുകൾക്ക് ശേഷം പാത്രങ്ങൾ വൃത്തിയാക്കി തിരികെയെത്തിക്കുന്ന തരത്തിലാണ് പദ്ധതി. പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ ശീലമാക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, വിവിധ ഗ്രാമപഞ്ചായത് പ്രസിഡന്റ്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, സി.ഡി.എസ് ഭാരവാഹികൾ, ഹരിത കർമസേന അംഗങ്ങൾ, ബ്ലോക്ക് ഭരണ സമതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.