ph

ആധുനിക രീതിയിലുള്ള മൾട്ടി പ്ളക്സ് തിയേറ്റർ കോംപ്ളക്സിന്റെ നിർമ്മാണം ആരംഭി​ച്ചു

കായംകുളം: കായംകുളത്ത് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആധുനിക രീതിയിലുള്ള മൾട്ടി പ്ളക്സ് തിയേറ്റർ കോംപ്ളക്സിന്റെ നിർമ്മാണം തുടങ്ങി.

40000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് തിയേറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന കെട്ടിട സമുച്ചയമാണ് പൂർത്തിയാക്കുക. അത്യാധുനി​ക 4 കെ പ്രൊജക്ഷൻ, ഡോർബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ, ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന സിൽവർ സ്ക്രീൻ, പുഷ്ബാക് സീറ്റുകൾ റാമ്പ് ,ലിഫ്റ്റ്, പാർക്കിംഗ് സൗകര്യം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്ന്, മൂന്ന് സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. കായംകുളം കെ.എസ് ആർ ടി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്താണ് നഗരസഭ വിട്ടുനൽകിയ സ്ഥലം.

നഷ്ടമായ ആറു വർഷം

നല്ല മലയാള ചലച്ചിത്രങ്ങളുടെ പ്രദർശനത്തിനായി സംസ്ഥാനമൊട്ടാകെ തിയേറ്ററുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ഇതിനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് എതിർവശത്ത് ഡി.ടി.പി.സി യ്ക്ക് സമീപം 33.36 ആർസ് വസ്തു സർക്കാർ അംഗീകാരത്തോടെ പാട്ട വ്യവസ്ഥയിൽ നഗരസഭാ കോർപ്പറേഷന് കൈമാറിയിട്ടുണ്ട്.

2012ൽ കോർപ്പറേഷൻ സന്നദ്ധത അറിയിച്ചു. പക്ഷേ നഗരസഭാ ഭരണകർത്താക്കൾ അനുകൂല നിലപാട് സ്വീകരിച്ചില്ല. നിർദ്ദി​ഷ്ട സ്ഥലത്തിന്റെ മദ്ധ്യഭാഗത്ത് അഞ്ച് സെന്റ് വസ്തു സ്വകാര്യ വ്യക്തിയുടേതാണെന്നാണ് കാരണം പറഞ്ഞിരുന്നത്. എന്നാൽ റവന്യൂ രേഖകൾ പരിശോധിച്ചപ്പോൾ അത് കളവാണന്ന് ബോദ്ധ്യമായി. ആറ് വർഷമാണ് അങ്ങനെ നഷ്ടമായത്. പിന്നീട് കഴിഞ്ഞ വർഷം മുതലാണ് പദ്ധതി നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചത്.

ലെനിൻ രാജേന്ദ്രന്റെ സ്വപ്നം

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായിരുന്ന സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്വപ്നമായിരുന്നു കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് പുതുതായി​ഇരുപത്തി അഞ്ച് മൾട്ടിപ്ളക്സ് തിയേറ്ററുകൾ സ്ഥാപിയ്ക്കുകയെന്നത്. ഒരു തിയേറ്റർ പോലും ഇല്ലാത്ത കായംകുളമായിരുന്നു പ്രഥമ പരിഗണനയിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കെ.പി.എ.സിയുടെ നാടായ കായംകുളത്ത് തന്നെ ആകണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

2017 സെപ്തംബർ 25 ന് ഇതു സംബന്ധിച്ച് കായംകുളം നഗരസഭയ്ക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു. ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ നവംബർ ഒന്നിന് ശിലാസ്ഥാപനം നടത്താൻ ഒരുക്കമാണെന്ന് കാട്ടിയാണ് കത്ത് നൽകിയത്. എന്നാൽ കിഫ്ബിയുടെ അനുമതി ലഭിക്കാതിരുന്നതിനാൽ തറക്കല്ലിടീൽ നടന്നില്ല. തന്റെ സ്വപ്ന പദ്ധതിയ്ക്ക് കാത്ത് നിൽക്കാതെ ലെനിൻ മടങ്ങിയത് കായംകുളത്ത് നൊമ്പരമായിരുന്നു.
തിയേറ്റർ സമുച്ചയത്തിന്റെയും അതോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെയും പ്ളാൻ സംബന്ധിച്ച അവ്യക്തയാണ് ആദ്യം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.

77

നഗരസഭ വിട്ടുകൊടുത്ത

77 സെന്റ് സ്ഥലത്ത് നി​ർമാണം

15.03

തീയേറ്റർ നി​ർമി​ക്കുന്നത്

15.03 കോടി രൂപ ചെലവഴി​ച്ച്