ആലപ്പുഴ : 33 വർഷത്തെ സേവനത്തിനു ശേഷം പൊലീസ് ഡിപ്പാർട്ടുമെന്റിനോട് വിടപറയുകയാണ് കെ.എം.ടോമി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ കസേരയിൽ നിന്ന് 31നാണ് പടിയിറക്കം. എസ്.ഐ ആയി സർവീസിൽ പ്രവേശിച്ച് എസ്.പിയായി വിരമിക്കുന്ന ഇദ്ദേഹത്തിന്റെ സർവീസ് ജീവിതവും സംഭവബഹുലമാണ്.
എറണാകുളം ബോൾഗാട്ടി പാലസിന് സമീപം കുരിശിങ്കൽ വീട്ടിൽ തോമസ് മരിയൻ-ബാപ്രാമരിയൻ ദമ്പതികളുടെ മകനാണ് കെ.എം.ടോമി. എറണാകുളം സെന്റ് ആൽബർട്ട് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. തുടർന്ന് ലോ കോളേജിൽ നിന്ന് നിയമ ബിരുദമെടുത്തു. മുതിർന്ന അഭിഭാഷകൻ സി.പയസ് കുര്യാക്കോസിന്റെ ജൂനിയർ ആയി 1984മുതൽ 87 ഒക്ടോബർ വരെ പ്രവർത്തിച്ചു. ഇതിനിടെ എസ്.ഐ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. 1987ൽ തൃശൂർ പാവറട്ടിയിൽ എസ്.ഐയായി ആദ്യനിയമനം. 2016ൽ ഐ.പി.എസ് ലഭിച്ചു. തുടർന്ന് 2018 ആഗസ്റ്റ് 31ന് കോഴിക്കോട് ഡെപ്യൂട്ടീ പൊലീസ് കമ്മീഷണറായി . 2019 ജനുവരി 11ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി.
. അറിയാതെ പിസ്റ്റളിൽ നിന്ന് പൊട്ടിയ വെടിയും കഠിനാദ്ധ്വാനം ചെയ്യുന്നതിനിടെ വന്നുചേർന്ന സസ്പെൻഷനുമൊക്കെ സർവീസിലെ അത്ര നല്ല ഓർമ്മകളല്ല. എന്നാൽ, കേസന്വേഷണത്തിൽ കാട്ടിയ വൈഭവം ടോമിയുടെ തൊപ്പിയിലെ പൊൻതൂവലാണ്. ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളിലേക്ക് കെ.എം.ടോമി മനസു തുറക്കുന്നു.
പിസ്റ്റളും കൈവിട്ട വെടിയുണ്ടയും
മാളയിലെ എസ്.ഐ ആയിരിക്കുമ്പോൾ കൊടും ക്രമിനൽ കണ്ണായി മാത്യുവിനെ പിടിക്കുന്നതിനിടെ മാത്യുവിന്റെ കൈതട്ടി ടോമിയുടെ തോക്കിൽ നിന്ന് വെടിയുതിർന്നു. മാത്യുവിന്റെ ചെറുകുടൽ തുളച്ച് ഉണ്ട പാഞ്ഞു. ചികിത്സയിലൂടെ മാത്യു രക്ഷപ്പെട്ടെങ്കിലും ടോമിയുടെ മനസിൽ നിന്ന് ഈ സംഭവം മാഞ്ഞില്ല. ആത്മഹത്യ ചെയ്യാൻ പോലും ചിന്തിച്ച നാളുകളാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
മാത്യു നാലുവർഷം കേസുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് ഒത്തുതീർപ്പായി.
അറിയാതെ വന്ന സസ്പെൻഷൻ
2002ൽ കുത്തിയതോട് സി.ഐ ആയി ചുമതലയേറ്റ് ഒരു മാസം ആയതോടെ ചെയ്യാത്ത കുറ്റത്തിന് എഴുമാസം സർവീസിൽ നിന്ന് സസ്പെൻഷൻ കിട്ടി. ടോമി ചുമതല എറ്റെടുക്കുന്നതിന് മുമ്പ് തീരദേശത്ത് ഉണ്ടായ സംഘട്ടനത്തിൽ നാലുപേർ മരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീണ്ടും തീരത്ത് ബി.ജെ.പി-സി.പി.എം സംഘട്ടനം ഉണ്ടായി. കടുത്ത പനിയുണ്ടായിട്ടും സ്ഥലത്ത് ക്യാമ്പ് ചെയ്ത ടോമിയോട് 24മണിക്കൂറിനുള്ളിൽ പ്രതിളെ അറസ്റ്റ് ചെയ്യണമെന്ന് അന്നത്തെ എസ്.പി നിർദേശിച്ചു. ആരോഗ്യം പോലും നോക്കാതെ ജോലിചെയ്യുകയാണെന്ന് എസ്.പിയോട് പറഞ്ഞ കാരണത്താൽ സസ്പെൻഷൻ ലഭിച്ചു.
ടി.ഒസൂരജിനെതിരെയുള്ള കേസ്
കെ.എം.ടോമി എറണാകുളത്ത് വിജിലൻസ് എസ്.പിയായിരിക്കെയാണ്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ടി.ഒ.സൂരജിനെതിരെ കേസെടുത്തത്. പഴുതടച്ച അന്വേഷണമാണ് ഈ കേസിൽ നടത്തിയത്. ഇത് സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
കൃഷിയിലും മികവ്
മികച്ച കർഷകനായിരുന്നു പിതാവ് തോമസ് മരിയൻ. ഒരുമീനും ഒരുനെല്ലുമായിരുന്നു കൃഷി രീതി. കഴിഞ്ഞ മൂന്ന് വർഷമായി ടോമിയുടെ വീട്ടിൽ പുറത്ത് നിന്ന് പച്ചക്കറി വാങ്ങാറില്ല. വിജിലൻസ് എസ്.പി ആയിരിക്കുമ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കവറിലും ചാക്കിലുമായി പച്ചക്കറി തൈകൾ നട്ടു . വെണ്ട, വഴുതന, ചീര. പയർ, പടവലം, പാവൽ തുടങ്ങി വിവിധ ഇനങ്ങൾ വിളഞ്ഞു. ഇപ്പോൾ ക്യാമ്പ് ഹൗസിലും വിവിധ ഇനം പച്ചക്കറികളുടെ കൃഷിയുണ്ട്.