ആലപ്പുഴ: പൗരത്വബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ നാളെ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മനുഷ്യ ഭാരതഭൂപടം നിർമ്മിക്കുമെന്ന് ജില്ലാ ചെയർമാൻ എം മുരളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് മനുഷ്യഭാരതഭൂപടത്തിന്റെ ട്രയൽ നടക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ, ജോണി നെല്ലൂർ, യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കൾ, സാമൂഹ്യ-സാമുദായിക രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ഭൂപടത്തിൽ അണിചേരും. മഹാത്മാഗാന്ധിയുടെ മരണസമയമായ 5.17ന് മനുഷ്യഭൂപടം പൂർത്തിയാകും. ഇതിനുശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. ആർട്ടിസ്റ്റ് സത്യൻ ചിത്രീകരണം നിർവഹിക്കും. ത്രിവർണ്ണ പതാകയുടെ വർണ്ണങ്ങളിൽ തൊപ്പിയണിഞ്ഞായിരിക്കും പ്രവർത്തകർ ഭൂപടത്തിനായി അണിനിരക്കുകയെന്ന് എം.മുരളി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺവീനർ വി.റ്റി ജോസഫ്, സെക്രട്ടറി ബി രാജശേഖരൻ എന്നിവരും പങ്കെടുത്തു.