അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് അസാധുവാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അസാധുവാണെന്ന് ഡോ. ബി.ആർ.അംബേദ്കറുടെ ചെറുമകൻ രാജരത്‌ന അംബേദ്കർ പറഞ്ഞു. സി.എ.എ പിൻവലിക്കുക, എന്‍.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന 'കേരളം രാജ്ഭവനിലേക്ക് " സിറ്റിസൺസ് മാർച്ചിന്റെ ജില്ലാതല സമാപന സമ്മേളനം വളഞ്ഞവഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല. അവർക്ക് അവരുടേതായ ഭരണഘടന മനുസ്മൃതിയുണ്ട്. അത് സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അത് ഈ രാജ്യത്ത് നടപ്പില്ല. ദേശവ്യാപകമായി പൗരത്വ സംരക്ഷണ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എം എം താഹിർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ, മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിൻസെന്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.