photo

ചാരുമൂട് : താമരക്കുളം ചത്തിയറ ശക്തികുളങ്ങര ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ തെക്കേത്തളത്തിൽ വല്ല്യച്ഛനുള്ള കുലപൂജ ഭക്തി സാന്ദ്രമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ക്ഷേത്രതന്ത്രി വൈക്കം നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു അപൂർവമായ കുലപൂജ ചടങ്ങുകൾ നടന്നത്. ഏത്തക്കുലകളും കരിക്കും അടയുമാണ് വല്ല്യച്ഛനുള്ള വഴിപാട്. ആയിരകണക്കിന് ഏത്ത കുലകളാണ് ഭക്തർ പൂജയ്ക്കായി സമർപ്പിച്ചത്. ക്ഷേത്രത്തോട് ചേർന്ന് വടക്ക് ഭാഗത്തായാണ് വല്ല്യച്ഛന് ആലയം പണിത് പീഢവും ഗദയും പ്രതിഷ്ഠാ സ്ഥാനത്തു വച്ച് ആരാധന നടത്തി വരുന്നത്. കുലപൂജയിൽ പങ്ക് ചേരാൻ നൂറ് കണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്.കായംകുളം രാജാവിന്റെ സാമന്ത പ്രഭുവായിരുന്ന കൊട്ടയ്ക്കാട്ടു താന്റെ കാര്യസ്ഥനായിരുന്ന തെക്കേ തളത്തിൽ വല്ല്യച്ഛന് അമാനുഷിക ശക്തി ഉണ്ടെന്നാണ് വിശ്വസിച്ചു പോരുന്നത്. വല്ല്യച്ഛന് ചത്തിയറ ദേശക്കാരായ ഭക്തർ അവസാനമായി നൽകിയ കരിക്കിൻ വെള്ളവും ഏത്തപ്പഴവും അടയുമാണ് വഴിപാടായി സമർപ്പിച്ചു വരുന്നത്. ചത്തിയറ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി.വിജയൻ പിള്ള, സെക്രട്ടറി വി.രാമചന്ദ്രകുറുപ്പ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.