photo

ആലപ്പുഴ : പ്രമേഹരോഗം കാഴ്ചയുടെ വെളിച്ചം തല്ലിക്കെടുത്തുമ്പോൾ പ്രതിരോധ പ്രവർത്തനത്തിന്റെ ദീപം തെളിക്കാനൊരുങ്ങുകയാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. ഇവിടെ നടപ്പാക്കുന്ന 'ആർദ്രമീ ആര്യാട് ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 40000 കുടുംബങ്ങളിലായി നടത്തിയ സമഗ്ര ആരോഗ്യ സർവേയിൽ, പ്രമേഹ രോഗികളിൽ കാഴ്ച്യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർദ്ധിച്ചു വരുന്നതായി കണ്ടെത്തി. ബ്ലോക്ക് പ്രദേശത്തെ 80 വാർഡുകളിലെയും രോഗ സാദ്ധ്യതയുള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്നതിനായി ജില്ലാ നേത്രരോഗ വിഭാഗവുമായി ചേർന്ന് 'ഡയബറ്റിക്ക് റെറ്റിനോപതി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി. പ്രദേശത്താകെ 29 പ്രമേഹാനുബന്ധ നേത്രചികിത്സാ ക്യാമ്പുകൾ നടത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം.

മുഹമ്മ റൂറൽ ഹെൽത്ത് സെന്ററിൽ നടന്ന ആദ്യ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സഞ്ചരിക്കുന്നനേത്രരോഗ ചികിത്സാ വിഭാഗം മേധാവി ഡോ.നവജീവൻ പദ്ധതി വിശദീകരിച്ചു.
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയൻ തോമസ്, വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുത്രേസ്യ ജയിംസ്, ഡോ.സുലേഖ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ഡോ.ജയന്തി സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷ വിലഞ്ചിത ഷാനവാസ്‌ നന്ദിയും പറഞ്ഞു.