 സഞ്ചാരികൾ സുരക്ഷിതർ

ആലപ്പുഴ : വിദേശ സഞ്ചാരികളുമായുള്ള സവാരിക്കിടെ ഹൗസ് ബോട്ടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബോട്ടിന്റെ പിൻഭാഗത്തുനിന്ന് നിന്ന് പുക ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റ് ബോട്ടുകളിലെ തൊഴിലാളികളുമെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി.

ഇന്നലെ ഉച്ചയോടെ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് സംഭവം. ഹൗസ് ബോട്ടിലെ ജനറേറ്ററിൽ നിന്നാണ് തീ പടർന്നത്. വിവരം അറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. സഞ്ചാരികൾ എല്ലാവരെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. പാതിരാമണലിന് സമീപം കഴിഞ്ഞ 23ന് ഹൗസ് ബോട്ടിന് തീപിടിച്ചതിന്റെ ഞെട്ടൽ മാറും മുമ്പെയാണ് ഇന്നലത്തെ സംഭവം. അന്നത്തെ സംഭവത്തെ തുടർന്ന് ഹൗസ് ബോട്ടുകളിൽ സുരക്ഷാപരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.