വാരണാസി സഹോദരങ്ങൾ ഇനി ഓർമ്മയിൽ
മാവേലിക്കര: 'വാരണാസി തൻ ചെണ്ടയുണർന്നുയർന്നു' ശ്രീകുമാരൻ തമ്പി രചിച്ച സുന്ദര ഗാനത്തിലെ വരികൾ. കഥകളി വാദ്യകലാരംഗത്തെ വാരണാസി സഹോദരന്മാരുടെ പെരുമയാണ് ഈ ഗാനത്തിലെ പരാമർശം. ചെണ്ട കലാകാരനായ മാധവൻ നമ്പൂതിരി രണ്ട് പതിറ്റാണ്ട് മുമ്പ് വിടവാങ്ങി. ഇപ്പോഴിതാ വാരണാസി സഹോദരന്മാരിലെ അപരൻ വാരണാസി വിഷ്ണു നമ്പൂതിരിയും യാത്രപറയുമ്പോൾ മാവേലിക്കരയുടെ കലാമേഖലയിൽ വലിയൊരു ശൂന്യതയാണ് ഇന്നുള്ളത്.
കഥകളിയിലെ കേരളത്തിന്റെ അഭിമാനമായിരുന്ന പേരുകളായിരുന്നു വാരണാസി മാധവൻ നമ്പൂതിരിയും വാരണാസി വിഷ്ണു നമ്പൂതിരിയും. ചെണ്ടവാദനത്തിലൂടെയും മദ്ദള വാദനത്തിലൂടെയും ചരിത്രം സൃഷ്ടിച്ച ഇവർ മാവേലിക്കരയുടെ സ്വകാര്യ അഹംഭാവമായിരുന്നു.
ജ്യേഷ്ഠനൊപ്പം കഥകളി അരങ്ങുകളിൽ പങ്കെടുത്താണ് വാരണാസി വിഷ്ണു നമ്പൂതിരിയും കലാ രംഗത്തേക്ക് എത്തിയത്.
1937 ജനുവരി 20ന് നാരായണൻ നമ്പൂതിരിയുടെയും ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനായി വാരണാസി ഇല്ലത്ത് ജനിച്ച വിഷ്ണുനമ്പൂതിരി ഹൈസ്‌ക്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ കഥകളി മദ്ദള വാദനം അഭ്യസിച്ചു തുടങ്ങി. ആദ്യ ഗുരുനാഥൻമാർ കരുവാറ്റ കുമാരപ്പണിക്കർ, വെന്നിമല രാമവാര്യർ എന്നിവരായിരുന്നു. കേരള കലാമണ്ഡലം , ഉണ്ണായിവാര്യർ സ്മാരക കലാനിലയം എന്നിവിടങ്ങളിൽ ഉപരി പഠനം നടത്തി. തുടർന്ന് ജ്യേഷ്ഠനായ ചെണ്ടവിദ്വാൻ കലാരത്‌നം മാധവൻ നമ്പൂതിരിക്ക് ഒപ്പം കഥകളി അരങ്ങുകളിൽ എത്തി. അര നൂറ്റാണ്ടുകാലം കഥകളി അരങ്ങുകളിൽ പകരം വയ്ക്കാൻ ഇല്ലാത്ത പോലെയായി വാരണാസി മാധവൻ നമ്പൂതിരിയും വിഷ്ണു നമ്പൂതിരിയും. അന്നത്തെ കഥകളി ആചാര്യൻമാരായ ഗുരു ചെങ്ങന്നൂർ, ഗുരു കുഞ്ചുക്കുറുപ്പ്, പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായർ, മാങ്കുളം വിഷ്ണുമ്പൂതിരി, കുറിച്ചി കുഞ്ഞൻ പണിക്കർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള, കഥകളി ഭാഗവതർ ഇറവങ്കര ഉണ്ണിത്താൻ സഹോദരൻമാർ, തകഴി കുട്ടൻപിള്ള തുടങ്ങിയവർക്കൊപ്പം രംഗത്തു പ്രവർത്തിച്ചു.
ജ്യേഷ്ഠന്റെ വേർപാടിനു ശേഷം വിഷ്ണുമ്പൂതിരി അരങ്ങുകളിൽ നിന്ന് പിൻവലിഞ്ഞിരുന്നു. എന്നാൽ 2012ൽ മാവേലിക്കര കണ്ടിയൂർ മഹാദേവ സന്നിധിയിൽ നടന്ന ലവണാസുരവധം കഥകളിയിൽ വീണ്ടും മദ്ദളത്തിൽ രാഗലയംസൃഷ്ടിച്ചു. പിന്നീട് 2015ൽ സഹോദരന്റെ മകൻ നാരായണൻ നമ്പൂതിരിക്കും ചെറുമകൻ മധുവാരണാസിക്കുവേണ്ടിയും മദ്ദളമെടുത്തതാണ് അവസാന അരങ്ങ്.
മദ്ദള കലാകാരനായ വിഷ്ണു നമ്പൂതിരിയ്ക്ക് കേന്ദ്രസംഗീത നാടക അക്കാദമിപുരസ്‌കാരം, 1972 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കലാരത്‌നം ബഹുമതി നൽകി ആദരിച്ചു, വീരമണി അയ്യർ, ചെന്നിത്തല ചെല്ലപ്പൻപിള്ള, കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം ഹൈദരാലി, തകഴി മാധവക്കുറുപ്പ്, അക്കന്നൂർ നീലകണ്ഠരര്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തുടങ്ങിയവരുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരങ്ങൾക്കൊപ്പം കേരള കലാമണ്ഡലം വാദ്യ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ വീരശൃംഖല പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിലും, കേരള സംഗീത നാടക അക്കാഡമിയിലും ഭരണസമിതി അംഗമായി പ്രവർത്തിക്കാൻ വിഷ്ണുമ്പൂതിരിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പൈയ്യന്നൂർ കോറോത്ത് വെള്ളിയോട്ട് ഇല്ലത്ത് പരേതയായ സരസ്വതി അന്തർജനം. മക്കൾ:വി.നാരായണൻ നമ്പൂതിരി( മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്), വി.രാധാദേവി. മരുമക്കൾ:തിരുവല്ല കാരക്കാട് അക്കരമഠം ഈശ്വരൻ നമ്പൂതിരി(തിരുവല്ല പുതുക്കുളങ്ങര ദേവീക്ഷേത്ര മേൽശാന്തി), സാവിത്രി ദേവി.