 കതിര് പ്രായമായ നെചെടികൾ സീഷണിയിൽ

ആലപ്പുഴ: ഓരുജല ഭീഷണിയും കാലാവസ്ഥ വ്യതിയാനവും കുട്ടനാട്, അപ്പർ കുട്ടനാട് കാർഷിക മേഖലയിലെ ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷിക്ക് ഭീഷണിയായി. കടലിൽ നിന്നുള്ള വേലിയേറ്റം ശക്തമായതോടെ കായംകുളം മത്സ്യബന്ധന തുറമുഖം വഴി ഉപ്പുവെള്ളം കയറുന്നതിനാൽ കരിനിലങ്ങളും ഭീഷണിയിലാണ്. കതിര് പ്രായമായ നെൽ ചെടിയായതിനാൽ ആശങ്കയിലാണ് കർഷകർ. 27,800 ഹെക്ടറിലാണ് പുഞ്ചകൃഷി നടത്തുന്നത്.

രണ്ട് മാസത്തിൽ താഴെ പ്രായമായ നെൽചെടികളാണ് കാലാവസ്ഥ വ്യതിയാനത്തിൽ അകപ്പെട്ടത്. പകലും രാത്രിയിലും ഒരേപോലെയുളള ചൂടും പുലർകാല മഞ്ഞും നെൽചെടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 30 ഡിഗ്രിയിൽ അധികം ചൂട് വർദ്ധിച്ചാൽ പതിരിന്റെ അംശം കൂടാനാണ് സാദ്ധ്യത. ഓരുജലം മൂലം മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം പ്രകടമായി. ഓലകരിച്ചിലും വ്യാപകമായി. ഓലചുരുട്ടി, ഈച്ച, ഇലപ്പേൻ എന്നീ കീടങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറുകൾ അടഞ്ഞു കിടന്നാലും കായംകുളം കായലുമായി ബന്ധമുള്ള കാർത്തികപ്പള്ളി, മഹാദേവികാട്, പുളിക്കീഴ് തോടുവഴി ഉപ്പുവെള്ളം കരുവാറ്റ കൊപ്പാറക്കടവിൽ എത്തുന്നുണ്ട്. കായംകുളം മത്സ്യബന്ധന തുറമുഖം വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുന്നില്ല. പുറക്കാട്, കരുവാറ്റ, ചെറുതന, അമ്പലപ്പുഴ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കരിനിലങ്ങളും കുട്ടനാട്ടിലെ നെൽകൃഷിയിടങ്ങളുമാണ് ഉപ്പുവെള്ള ഭീഷണി പ്രധാനമായും നേരിടുന്നത്. വിളവിറക്കി 13 മുതൽ 90 ദിവസം വരെ പ്രായമായ നെൽചെടികളാണ് ഓരു ജല ഭീഷണി നേരിടുന്നത്.

.........................................

₹ 30,000: ഏക്കറിന് ചെലവഴിച്ച തുക

.....................................

 വേലിയേറ്റം വഴി കായലിലേക്ക്

കായംകുളം മത്സ്യബന്ധന തുറമുഖം പൂർണ്ണമായും തുറന്നു കിടക്കുന്നതിനാൽ കടലിലെ വേലിയേറ്റ സമയത്ത് കായംകുളം കായലിലേക്ക് കയറുന്ന ഉപ്പുവെള്ളം പാടശേഖരങ്ങളിലും എത്തുന്നു. കായലുമായി ബന്ധമുള്ള ചെറു കൈവഴികളിലൂടെ ഉപ്പുവെള്ളം കയറുന്നുണ്ട്. പുളിക്കീഴ്, ഡാണാപ്പടി, കന്നുകാലിപ്പാലം, കൊട്ടാരവളവ്, മാന്തറമീച്ചാൽ, നാലുചിറ, കരുവാറ്റ എന്നിവിടങ്ങളിൽ ഉൾപ്പെടെ 25 ഓരുമുട്ടുകളാണ് എല്ലാ വർഷവും നിർമ്മിക്കുന്നത്. എന്നാൽ ഇത്തവണ കൃത്യസമയത്ത് ഇവ നിർമ്മിക്കാത്തതാണ് ഉപ്പുവെള്ളം കയറാൻ ഇടയായത്. ജലസേചന വകുപ്പിന്റെ മൈനർ ഇറിഗേഷൻ വിഭാഗം ഓരുമുട്ട് കെട്ടി ഉപ്പുവെള്ള കയറുന്നത് നിയന്ത്രിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് വേലിയേറ്റം ശക്തമാകുന്നത്. ഇതിന് മുമ്പ് ഓരുമുട്ട് നിർമ്മാണം നടത്തിയിരുന്നു. ഇക്കുറി ആറ് മുട്ട് മാത്രമാണ് നിർമ്മിച്ചത്. കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു.

..............................................

 ഉപ്പുവെള്ളം കയറുന്നത് പുളിക്കീഴ്, തൃക്കുന്നപ്പുഴ ഭാഗങ്ങളിലൂടെ

 ദേശീയ ജലപാതയുടെ ഭാഗമായ ടി.എസ് കനാലിൽ ലവണാംശം ഉയർന്ന നിലയിൽ

 ഉപ്പുവെള്ളം അച്ചൻകോവിലാറ്റിലേക്കും വ്യാപിക്കുന്നു

 ദേശീയ ജലപാതയുമായി ബന്ധപ്പെട്ട തോടുകളിലും ലവണാംശം കൂടാൻ സാദ്ധ്യത

 കരുവാറ്റ, പള്ളിപ്പാട്, ഹരിപ്പാട്, ചെറുതന, വീയപുരം പാടശേഖരങ്ങളിൽ ശ്രദ്ധവേണം

......................................

'മുൻവഷങ്ങളിലെ പോലെ ഓരുമുട്ട് നിർമ്മിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. കാലവർഷത്തിൽ പാടശേഖരങ്ങളുടെ പുറംബണ്ടിനുണ്ടായ ബലക്ഷയം കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്'

(പി.സുരേന്ദ്രൻ, വൈസ് ചെയർമാൻ കരിനില വികസന ഏജൻസി)