നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ആലപ്പുഴ: ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടുമ്പോഴും പരിഹരിക്കാൻ നടപടികളില്ല. നഗര മദ്ധ്യത്തിലെ ഇടുങ്ങിയ റോഡുകളിൽ പോലും നിയന്ത്രണങ്ങൾ മറികടന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് വിഷയം രൂക്ഷമാക്കുന്നത്.
ജില്ലാക്കോടതി പാലം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് നാൾക്കുനാൾ വർദ്ധിക്കുകയാണ്. അടുത്തിടെയാണ് ജില്ലാക്കോടതി പാലത്തിൽ സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. എന്നിട്ടും വീതി കുറഞ്ഞ റോഡ് ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നില്ല.
ആലപ്പുഴ കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി ബൈക്കുകൾ പാർക്ക് ചെയ്യുന്നത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. ഫയഫോഴ്‌സിന്റെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ തടസമുണ്ടാക്കിയാണ് ബൈക്കുകൾ പാർക്കുചെയ്യുന്നത്. ഈ റോഡിന് ഇരുവശങ്ങളിലും പാർക്ക് ചെയ്യരുതെന്ന നിർദ്ദേശങ്ങളുണ്ടെങ്കിലും ഇത് അവഗണിക്കപ്പെടുന്നു.
...................................
'അനധികൃത പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇപ്രകാരം പാർക്ക് ചെയ്യുന്നവരിൽ നിന്ന് 250 രൂപ വീതം പിഴ ഇൗടാക്കുന്നുണ്ട്'
(മോഹൻദാസ്, ട്രാഫിക് എസ്.എെ)
....................................
'അപകടങ്ങളും മറ്റും സംഭവിക്കുമ്പോൾ ഒരു നിമിഷം പോലും കളയാതെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തേണ്ടതുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കരുതെന്ന് നിരവധി തവണ പൊലീസിനും കെ.എസ്.ആർ.ടി.സി അധികൃതർക്കും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുലർച്ചെ മുതൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാണാം. ട്രാഫിക് പൊലീസ് ഇടപെട്ട് കർശന നടപടി സ്വീകരിക്കണം'
(ഫയർ ഫോഴ്‌സ് അധികൃതർ)