ആലപ്പുഴ: കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ജില്ലയിലും പ്രതിരോധ പ്രർത്തനങ്ങൾ ഊർജ്ജിതമാക്കി.
ആലപ്പുഴ മെഡി. ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നിരീക്ഷണ സംവിധാനം ശക്തമാക്കി പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. ജീവനക്കാർക്ക് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ യാത്ര കഴിഞ്ഞ് അസുഖവുമായി വരുന്നവർക്ക്, സ്വകാര്യ ആശുപത്രികളിൽ ക്യൂ നിൽക്കാതെ പ്രത്യേകം ചികിത്സ ലഭിക്കാനുള്ള സംവിധാനം സജ്ജമാക്കാനും അവർക്ക് മാസ്ക് നൽകാനുമുള്ള നിർദ്ദേശം നൽകി. ചൈന അടക്കമുളള വിവിധ രാജ്യങ്ങളിൽ നിന്നു ജില്ലയിൽ എത്തിയവർക്ക് പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ദിശ നമ്പറുമായി ബന്ധപ്പെടണം. ഫോൺ : 04712552056.
ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജില്ലാദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ എൽ.അനിതാകുമാരി, മെഡി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. നമ്പർ: 0477-2237612.