നൂറനാട് : പത്ത് വർഷത്തിനുശേഷം പാലമേൽ ഗ്രാമപഞ്ചായത്തിലെ കരിങ്കാലി പുഞ്ച വീണ്ടും കതിരണിയും. ജലദൗർലഭ്യവും തൊഴിലാളികളുടെ അഭാവവും കാരണമാണ്, മുൻ കാലങ്ങളിൽ പ്രധാന നെല്ല് ഉത്പാദന കേന്ദ്രമായിരുന്ന കരിങ്കാലി പുഞ്ചയിൽ കൃഷി ഉപേക്ഷിച്ചത്. കർഷക കൂട്ടായ്മയിൽ പാലമേൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് 10 വർഷങ്ങൾക്ക് ശേഷം മുളവുകാട്, കുടച്ചനാട്, തുടങ്ങിയ പ്രദേശങ്ങളിലെ 30 കർഷകരുടെ കൂട്ടായ്മയിൽ കരിങ്കാലി പുഞ്ചയിലെ 54 ഹെക്ടറിൽ കൃഷിയിറക്കിയത്. നെൽച്ചെടികൾക്ക് ഇപ്പോൾ 45 ദിവസം പ്രായമായി. നിലമൊരുക്കുന്നതിനായി ജില്ല പഞ്ചായത്തും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും പാലമേൽ ഗ്രാമപഞ്ചായത്തും ചേർന്ന് ഹെക്ടറിന് 17,000 രൂപ കർഷകർക്ക് നൽകിയിരുന്നു. കൃഷി വകുപ്പ് 'നെല്ല് കൃഷി സുസ്ഥിര വികസന പദ്ധതിയിൽ' ഉൾപ്പെടുത്തി ഹെക്ടറിന് 5,500 രൂപയും നിലമൊരുക്കുന്നതിനുള്ള കുമ്മായം, ഡോളോമേ​റ്റ് തുടങ്ങിയവയും നൽകി. കെ.എ.പി കനാൽ തുറന്ന് വെള്ളം എത്തിച്ചതോടെ കരിങ്കാലി പുഞ്ച അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നമായ ജലദൗർലഭ്യത്തിനും പരിഹാരമായി. മാർച്ച് മാസത്തോടെ പുഞ്ചയിലെ നെല്ല് വിളവെടുക്കാനാകും.

'' ത്രിതലപഞ്ചായത്തുകൾ മികച്ച പിന്തുണയും സഹായവുമായി എത്തിയതോടെ കർഷർക്ക് പുതുജീവൻ പകർന്നുകിട്ടി. പടിയിറങ്ങിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാൻ ഇത്തരം കർഷക കൂട്ടായ്മയിലൂടെ സാധിക്കും

ജയശ്രീ, പാലമേൽ കൃഷി ഓഫീസർ