ആലപ്പുഴ മെഡി. ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയകരം
അമ്പലപ്പുഴ: വർഷങ്ങൾക്കു മുമ്പ് ജപ്പാനിൽ പരീക്ഷിച്ച് വിജയിച്ച അത്യപൂർവ്വ ശസ്ത്രക്രിയ ആലപ്പുഴ മെഡി. ആശുപത്രിയിലും അണുവിട തെറ്റാതെ പൂർത്തിയാക്കി ഡോക്ടർമാർ അഭിമാന നേട്ടം കൊയ്തു.
കടുത്ത ശ്വാസതടസം നേരിട്ട് അത്യാസന്ന നിലയിലെത്തിച്ച തൃക്കുന്നപ്പുഴ പല്ലന വടേക്കാട്ടിൽ സതീശനാണ് (63) ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
മഹാധമനിയിലെ പ്രധാന രക്തക്കുഴലായ അയോട്ടയിലെ വാൽവ് ചുരുങ്ങുന്ന അസുഖവുമായി രണ്ടു മാസം മുമ്പാണ് സതീശനെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മത്സ്യത്തൊഴിലാളിയാണ് സതീശൻ. വാൽവ് മാറ്റിവെക്കലാണ് ഏക പരിഹാരമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. സാധാരണയായി ലോഹത്തിന്റെയും പശു, പന്നി, കാള തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ളതുമുൾപ്പെടെ രണ്ടു തരത്തിലുളള വാൽവാണ് പകരമായി ഘടിപ്പിക്കുന്നത്. ഇങ്ങനെ മാറ്റിവയ്ക്കുന്ന വാൽവുകളിൽ കാത്സ്യം അടിഞ്ഞുകൂടി രോഗിക്ക് വീണ്ടും ചെലവേറിയ തുടർ ചികിത്സകൾ ആവശ്യമായി വരാറുണ്ട്.
കാർഡിയോ തെറാസിക് സർജനും ഈ വിഭാഗത്തിലെ മേധാവിയുമായ ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അതിനൂതന സാങ്കേതിക വിദ്യ പ്രയോഗിച്ചത്. രോഗിയുടെ തന്നെ ഹൃദയാവരണമെടുത്ത് പ്രത്യേക അളവിൽ വാൽവായി രൂപാന്തരം വരുത്തി ഘടിപ്പിക്കുകയായിരുന്നു. യന്ത്രത്തിൽ തയ്യാറാക്കുന്ന വാൽവിനു പകരമായി ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ മുമ്പ് ജപ്പാനിൽ മാത്രമാണ് പരീക്ഷിച്ച് വിജയിച്ചത്. 40,000 മുതൽ 3 ലക്ഷം രൂപ വരെ വരുന്ന വാൽവ് ഒരു രൂപപോലും ചെലവില്ലാതെയാണ് തയ്യാറാക്കി രോഗിയിൽ ഘടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഡോ.രതീഷ് രാധാകൃഷ്ണനൊപ്പം കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ. ശിവപ്രസാദ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് ജെ. മോറിസ്, ഡോക്ടർമാരായ ജെ. രവി കൃഷ്ണൻ, കെ.ടി. ബിജു, എസ്. ആനന്ദക്കുട്ടൻ, അൻസർ ഷാ, സൻജിത്ത്, ലിസ്സ്, എം. സുബേർ കുഞ്ഞ്, അബ്ദുൾ സലാം, ഹാർട്ട് ലംഗ് ഓപ്പറേറ്റർമാരായ പി.കെ. ബിജു, ആർ.പി. പ്രശാന്ത്, ഹെഡ് നേഴ്സ് പി.പി. സിന്ധു, നേഴ്സുമാരായ പ്രവീണ പ്രകാശൻ, അനീഷ് നാഗ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.