ആലപ്പുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ ഇന്ന് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മണ്ണഞ്ചേരി മഹല്ല് കോഓർഡിനേഷൻ കലവൂരിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർക്കെതിരെയാണ് ഒന്നാം സ്വാതന്ത്ര്യ സമരം നടന്നതെങ്കിൽ ഈ സമരം രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്കെതിരെയാണ്. മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധം ഉണ്ടാകാഞ്ഞതാണ് പൗരത്വ ബില്ല് കൊണ്ട് വരാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. പ്രതിഷേധം ഇപ്പോഴെങ്കിലും ഉയർന്നില്ലായിരുന്നെങ്കിൽ ഏകസിവിൽകോഡ് ഇവർ പ്രഖ്യാപിച്ചേനെ. കാശ്മീരിൽ ഇപ്പോഴുള്ളത് ശ്മശാന നിശബ്ദതയാണ്. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ മുങ്ങിത്താഴുന്നത് വരെ പോരാട്ടത്തിനായി മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ഡോ.അമൽ സി.മേനോൻ തൃശൂർ മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേഷൻ ചെയർമാർ കുന്നപ്പള്ളി മജീദ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങൾ ചേലാട് പ്രാർത്ഥനയും എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ആമുഖ പ്രഭാഷണവും എൻ.എച്ച്. ഷുക്കൂർ പ്രതിജ്ഞയും എ.മുഹമ്മദ് കുഞ്ഞ് ഭരണഘടന ആമുഖവും അവതരിപ്പിച്ചു.
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, ഐ.ബി. ഉസ്മാൻ ഫൈസി, ജൗഹർകോയ തങ്ങൾ, സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി.മഹീന്ദ്രൻ, ഫാ. മാത്യു മുല്ലശ്ശേരി,എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ താലൂക്ക് മാനേജിംഗ് കമ്മിറ്റി അംഗം വി.ടി.ഷൺമുഖൻ, പി.എ.മൈതീൻ കുഞ്ഞ് മേത്തർ, എം.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ മഹല്ല് കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഭരണഘടനാ സംരക്ഷണ റാലി കലവൂരിൽ സമാപിച്ചു.