vn

ഹരിപ്പാട്: വൃദ്ധയായ വീട്ടമ്മയെ അടുക്കളമുറ്റത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. ആറാട്ടുപുഴ ഒന്നാം വാർഡിൽ ഈരേകാട്ടിൽ സുധാനന്ദന്റെ ഭാര്യ സുമതിയെ (66) ആണ് ഇന്നലെ രാവിലെ പത്തരയോടെ അടുക്കള മുറ്റത്തെ അടുപ്പിലുണ്ടായിരുന്ന കലത്തിലേക്ക് മുഖം വച്ച രീതിയിൽ മരിച്ചു കിടക്കുന്നതു കണ്ടത്.

സുധാനന്ദൻ കുറിച്ചിക്കൽ ക്ഷേത്രത്തിലെ പാചക തൊഴിലാളിയാണ്. ഇദ്ദേഹം രാവിലെ ആറു മണിയോടെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. പത്തരയോടെ തിരിച്ചെത്തിയപ്പോൾ ആണ് സംഭവം അറിയുന്നത്. മക്കളില്ല. സമീപത്തു വീടുകളും ഇല്ല. തൊഴിലുറപ്പ് ജോലിക്കായി രാവിലെ എട്ടുമണിയോടെ സമീപവാസി വിളിക്കാൻ വന്നിരുന്നു. അവരോട് അരി അടച്ചിട്ടു വരാം എന്നാണ് പറഞ്ഞത്. അരി അടയ്ക്കുന്നതിനിടെ ബോധക്ഷയം സംഭവിച്ചു വീണതാകാമെന്ന് സംശയിക്കുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ പാടുകളുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.