water

 വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കാൻ വാട്ടർ ബെൽ പദ്ധതി

ആലപ്പുഴ : 'വെള്ളം കുടി "യോടു മുഖംതിരിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കാൻ 'വാട്ടർ ബെൽ" പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ദിവസം രണ്ട് നേരങ്ങളിൽ ബെൽ മുഴങ്ങുമ്പോൾ കുട്ടികൾ നിർബന്ധമായും വെള്ളം കുടിച്ചിരിക്കണമെന്നതാണ് പദ്ധതി. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വാട്ടർ ബോട്ടിലിൽ നിന്നോ ക്ളാസ് റൂമിന് പുറത്തുള്ള പൈപ്പിൽ നിന്നോ വെള്ളം കുടിക്കണമെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കലവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

കുട്ടികൾക്കിടയിൽ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് വാട്ടർ ബെൽ എന്ന ആശയമുണ്ടായത്. ആരോഗ്യം ഉറപ്പാക്കാൻ കുട്ടികൾ ദിവസം രണ്ടു ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാൽ ശരാശരി 750 മില്ലി ലിറ്ററിൽ താഴെ വെള്ളമേ വിദ്യാർത്ഥികൾ കുടിക്കാറുള്ളുവെന്ന സർവേ ഫലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത് . വെള്ളം കുടിക്കാത്തതു കാരണം കുട്ടികളിൽ മൂത്രസംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്നതായി അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മൂത്രമൊഴിക്കാൻ പോകുന്നത് ഒഴിവാക്കാൻ മനപ്പൂർവം വെള്ളം കുടിക്കാതിരിക്കുന്ന ശീലവും കുട്ടുകളിലുണ്ട്. പദ്ധതി ആരംഭിച്ച സ്‌കൂളുകളിലെ കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. അടുത്ത അദ്ധ്യയന വർഷം എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കണമെന്ന ലക്ഷ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

11.15, 2.45

രാവിലെ 11.15 നും ഉച്ചയ്ക്ക് 2.45 നുമാണ് വെള്ളംകുടിക്കുന്നതിനുള്ള ബെൽ മുഴങ്ങുക

കൂടുതൽ വെള്ളം കുടിക്കേണ്ടത്

 കൂടുതൽ ജലാംശം വിയർപ്പായി നഷ്ടപ്പെടുമ്പോൾ

 മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയിൽ

 മൂത്രത്തിൽ കല്ല് ഉള്ളപ്പോൾ

 പനിയുള്ളപ്പോൾ

വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ

 മൂത്രത്തിൽ പഴുപ്പ് .

 കിഡ്‌നി സ്റ്റോൺ

 നിർജ്ജലീകരണം

വെള്ളത്തിനു പകരമൊന്നുമില്ല

വെള്ളത്തിനു പകരം കോള പോലുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയില്ലെന്നു മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവും. ഇവ കൂടുതൽ കലോറി ശരീരത്തിലെത്തിക്കുന്നു. മധുരത്തിനുവേണ്ടി ഇതിൽ ചേർക്കുന്ന ഫ്രക്ടോസ് അപകടം വരുത്തിവയ്ക്കും. ദാഹം തോന്നുമ്പോൾ പച്ചവവെള്ളമോ തിളപ്പിച്ച വെള്ളമോ തന്നെ കുടിക്കണം. കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവയും നല്ലതാണ്.

'' കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് വാട്ടർ ബെൽ എന്ന ആശയം നടപ്പാക്കുന്നത്. അടുത്ത അദ്ധ്യയന വർഷത്തോടെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കും. കുട്ടികൾ വെള്ളം കുടിക്കാത്തത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് പഠനത്തെയും ബാധിക്കും

(ധന്യ,ഡി.ഡി.ഇ ആലപ്പുഴ)