*പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി കല്ലടക്കനാൽ
*പാഴ് മരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുക്കിന് തടസം
*ആരോഗ്യ ഭീഷണിയിൽ ജനങ്ങൾ
ചാരുംമൂട്: കല്ലട മെയിൻ കനാൽ തുറന്നുവിട്ടത് ഉണ്ടാക്കിയ പൊല്ലാപ്പിലാണ് ചാരുംമൂട് മേഖലയിലുള്രളവർ. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയായി ഇതെന്നാണ് ആക്ഷേപം.
കല്ലട ഇറിഗേഷൻ പദ്ധതിയുടെ മെയിൻ കനാൽ, വാർഷിക ക്ലീനിംഗിനു കാത്തു നിൽക്കാതെ തുറന്നുവിട്ടതാണ് പ്രശ്നമായത്. ചാരുംമൂട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ രണ്ടു ദിവസം മുൻപാണ് കനാൽ തുറന്നത്.
കിഴക്കൻ മേഖലയിലെ പഴകുളം വരെയുള്ള അടൂർ സെക്ഷൻ ഭാഗം വൃത്തിയാക്കൽ പൂർത്തിയാക്കിയ ശേഷമാണ് കനാൽ തുറന്നത്. പാലമേൽ- നൂറനാട് - താമരക്കുളം ഗ്രാമപഞ്ചായത്തുകൾക്ക് ഇറിഗേഷൻ വകുപ്പ് നിരവധി തവണ കനാൽ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും പഞ്ചായത്തുകൾ തൊഴിലുറപ്പു തൊഴിലിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയതായാണ് ആക്ഷേപം.
മാലിന്യം കലർന്ന് ജലാശയം
കനാലിൽ പലയിടത്തും സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച വൻതോതിലുള്ള പ്ലാസ്റ്റിക്, അറവുമാലിന്യങ്ങൾ വെള്ളത്തിൽ കലർന്നു ഒഴുകുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നു ജനങ്ങൾ ഭയപ്പെടുന്നു. കനാലിന്റെ ഇരു വശങ്ങളും കാട് കയറി കിടക്കുന്നതും നീക്കം ചെയ്യാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്.
,...
അടിയന്തിരമായി പാലമേൽ - നൂറനാട് - താമരക്കുളം പ്രദേശം വഴി കടന്നു പോകുന്ന മെയിൻ കനാലും ഉപകനാലുകളും വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
പ്രദേശവാസികൾ
.....
പരാതിയുമായി കർഷകർ
കനാൽ തുറന്നു വിട്ടിട്ടും വള്ളികുന്നത്തും ചുനക്കരയിലും വെള്ളം എത്തുന്നില്ലെന്ന് പരാതി. ചുനക്കര ഭാഗത്തുള്ള കർഷകർ ഇന്നലെ രാവിലെ ചാരുംമൂട് കെ ഐ പി ഓഫീസിൽ പരാതിയുമായെത്തി. ചുനക്കര ഭാഗത്തേക്കുള്ള ഷട്ടർ തുറക്കാത്തതാണ് കാരണം. ഇന്ന് പരിഹാരം ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിലാണ് കർഷകർ തിരിച്ചു പോയത് .
...
പഞ്ചായത്തിന് വിമർശനം
വള്ളികുന്നത്തിന്റെ അതിർത്തിവരെ കനാൽ വെള്ളം എത്തിയിട്ടും വള്ളികുന്നത്തേക്ക് വെള്ളം എത്തിക്കാൻ പഞ്ചായത്ത് ഭരണ സമിതി പരിശ്രമം നടത്തുന്നില്ലെന്ന് ബി ജെ പി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റി ആരോപിച്ചു.