ആലപ്പുഴ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ നഗരസഭാ പരിധിയിൽ നടക്കുന്ന കുടിവെള്ള പദ്ധതികൾ മാർച്ചോടെ പൂർത്തിയാക്കണമെന്ന് എ.എം.ആരിഫ് എം.പി നിർദ്ദേശിച്ചു. കളക്ടറേ​റ്റിൽ നടന്ന അമൃത് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.

222.7 കോടിയുടെ പ്രവൃത്തികളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 199 കോടിയുടെ പദ്ധതികൾ ഭരണാനുമതി ലഭിച്ച് വിവിധ ഘട്ടങ്ങളിലാണ്. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന കൊമ്മാടി, തത്തംപള്ളി, പഴവങ്ങാടി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജലസംഭരണികൾ മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ ബില്ലുകൾ എത്രയും വേഗം സമർപ്പിക്കാൻ എം.പി നിർദ്ദേശം നൽകി. ആലിശേരിയിലെ ജലസംഭരണിയുടെ പൈലിംഗ് ജോലികൾ ആരംഭിച്ചു. ആദ്യ ഘട്ട ഡിജി​റ്റൽ സർവ്വേ പൂർത്തിയായിട്ടുണ്ട്. ഒരു വാട്ടർ കിയോസ്‌ക് സ്ഥാപിക്കാനുള്ള നടപടികളായി. 315 കലോമീ​റ്റർ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ളതിൽ 190 കലോമീ​റ്ററും പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്നതിൽ 41 കിലോമീ​റ്റർ കെ.ആർ.എഫ്.ബിയുടെയും 10 കിലോമീ​റ്റർ പൊതുമരാമത്തിന്റെയും അനുമതി ആവശ്യമായവയാണ്. ഇതിനുള്ള പണം ഉടൻ അടയ്ക്കും.രണ്ടാം ഘട്ടത്തിലെ വാട്ടർ കയോസ്‌കുകളിൽ 20 എണ്ണം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണ പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ജോലികളാണ് രണ്ടും മൂന്നും ഘട്ടത്തിൽ നടന്നുവരുന്നത്.

 148.90 കോടിയുടെ പദ്ധതികൾ

കേരള വാട്ടർ അതോറിട്ടിയുടേത് ഒഴികെയുള്ള എല്ലാ പദ്ധതികളും നഗരസഭയാണ് നടത്തുന്നത്. വാട്ടർ അതോറിട്ടി വക 148.90 കോടിയുടെ ഭരണാനുമതി ലഭിച്ച വർക്കുകളാണ് അമൃത് പദ്ധതിയിൽ നടപ്പാക്കുന്നത്. ഡ്രെയിനേജുമായി ബന്ധപ്പെട്ട 55 ജോലികൾ പൂർത്തിയായി. 144 ഓടകളാണ് ലക്ഷ്യമിട്ടിരുന്നത്. അർബൻ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ നടപ്പാത, ഫൂട്ട് ഓവർബ്രിഡ്ജ് എന്നിവയുൾപ്പടെ 32 ജോലികൾക്കാണ് ഭരണാനുമതി ലഭിച്ചത്. കളക്ടർ എം. അഞ്ജന, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ മാനേജർ എ.ഷീജ, അർബൻ പ്ലാനർ വി.ആർ. ജയശ്രീ, അർബൻ ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥൻ കെ.എസ്. അഭിലാഷ് മോൻ എന്നിവർ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സംസാരിച്ചു