ഏപ്രിൽ 30ന് തുറക്കുമെന്ന് മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായി മാറുമെന്ന് ഉറപ്പുള്ള ബൈപാസ്, നാല് പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ പൂർണതയിലേക്കെത്താൻ ഇനി രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ ദൂരം മാത്രം. ഏപ്രിൽ 30 ന് ബൈപാസ് തുറക്കുമെന്ന് വാക്കു പറഞ്ഞിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരൻ. നഗരത്തിനു സമീപം മാളികമുക്കിൽ (ബാപ്പുവൈദ്യർ ജംഗ്ഷൻ) റെയിൽവേ ഓവർബ്രിഡ്ജിനായി സ്ഥാപിക്കേണ്ട അഞ്ചു ഗർഡറുകളിൽ മൂന്നാമത്തേതും ഇന്നലെ സ്ഥാപിച്ചു. 30 ടൺ ഭാരവും 17. 5 മീറ്റർ നീളവുമുണ്ട് ഗർഡറിന്. റെയിൽവേ സ്റ്റേഷന് തെക്കുവശമുള്ള മേൽപ്പാലത്തിലും ഇതു പോലെ ഗർഡറുകൾ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ വേഗത്തിലാകും.
ആസ്വദിക്കാം കാഴ്ചകൾ
ആലപ്പുഴ ബീച്ച് ഭാഗത്ത് 3.2 കിലോമീറ്റർ ദൈർഘ്യം വരുന്ന എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ 6.8 കിലോമീറ്ററുള്ള ബൈപാസ് പൂർത്തിയായാൽ, നഗരത്തിൽ പ്രവേശിക്കേണ്ട ആവശ്യമില്ലാത്ത ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് വളരെ വേഗം നഗരഭാഗം മറികടക്കാനാവും. 11 മീറ്റർ ഉയരമുള്ള എലിവേറ്റഡ് ഹൈവേ ബീച്ചിന്റെ സുന്ദര കാഴ്ചകൾ ആസ്വദിക്കാൻ വഴിയൊരുക്കുന്ന ജനലഴിയായി മാറും. എലിവേറ്റഡ് ഹൈവേയ്ക്ക് താഴെക്കൂടി തീരദേശറോഡും കടന്നുപോകുന്നുണ്ട്.
വകഞ്ഞുമാറ്റി തടസങ്ങൾ
ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നയിച്ച സാങ്കേതിക തടസങ്ങളാണ് അവസാന ഘട്ടത്തിൽ വെല്ലുവിളിയായത്. മന്ത്രി ജി. സുധാകരൻ നിരന്തരമായി നടത്തിയ ഇടപെടലുകളാണ് തടസങ്ങൾ നീങ്ങാൻ വഴിതെളിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിന് ട്രെയിൻ ഗതാഗതം ജനുവരി 27 മുതൽ 30 വരെ ദിവസേന രണ്ടുമണിക്കൂർ എന്ന നിലയിൽ ബ്ലോക്ക് ചെയ്യുന്നതിന് റെയിൽവേ അനുമതി നൽകി. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ റെയിൽവേ ചീഫ് എൻജിനിയറുടെ പ്രതിനിധി പരിശോധിക്കും. രണ്ടുമാസം വേണ്ടിവരും കോൺക്രീറ്റ് ചെയ്യാൻ. ഏപ്രിൽ 30ന് മുമ്പ് രണ്ടു ഓവർബ്രിഡ്ജും പൂർത്തിയാക്കി ബൈപാസ് പൊതുജനങ്ങൾക്കായി തുറക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആർ.ഡി.എസ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസുമാണ് കരാറുകാർ.
# കോടികളുടെ ബൈപാസ് സ്വപ്നം
ജനതാപാർട്ടി കേന്ദ്രം ഭരിക്കവേ ഉപരിതല ഗതാഗത മന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണൻ ശിലയിട്ടു
എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോൾ റോഡ് നിർമ്മാണത്തിന് വീണ്ടും തറക്കല്ലിട്ടു
തലങ്ങും വിലങ്ങും തടസങ്ങൾ തുടർന്നുകൊണ്ടേയിരുന്നു
2013 ൽ സംസ്ഥാന സർക്കാരും 2014 കേന്ദ്രവും പദ്ധതി അംഗീകരിച്ചു
എസ്റ്രിമേറ്റ് തുക 255.75 കോടി
2015ൽ എഗ്രിമെന്റ് വച്ചപ്പോൾ 274.39 കോടിയായി
ഉമ്മൻചാണ്ടി സർക്കാർ12 ശതമാനം വരെ പൂർത്തിയാക്കി
കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് തുല്യ മുതൽ മുടക്ക്