ആലപ്പുഴ: ഗാന്ധി ഘാതകരുടെ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ മനുഷ്യഭാരത ഭൂപടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ.
ജനത്തെ ഒന്നിപ്പിക്കേണ്ട ഭരണകൂടം അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാമതങ്ങളും ഒത്തുചേർന്ന ഇന്ത്യയായിരുന്നു ഗാന്ധി സ്വപ്നം കണ്ടത്. എന്നാൽ അമതാധിഷ്ഠിത ഇന്ത്യക്കായുള്ള നീക്കമാണ് സംഘപരിവാർ നടത്തുന്നത്. അതിനെതിരെ പ്രതികരിച്ചതിനാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. വർത്താമനാകാല ഇന്ത്യയിൽ ഗാന്ധി ഘാതകനായ ഗോഡ്‌സെ പുനർ ജനിച്ചിരിക്കുകയാണ്. ജനകീയ മുന്നേറ്റത്തിലൂടെ ഇവരെ പരാജയപ്പെടുത്താൻ കഴിയും. പൗരത്വ നിയമ ഭേതഗതി പിൻവലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഹസൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ എം.മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, ജോണി നെല്ലൂർ, അഡ്വ. ഡി സുഗതൻ, ജോൺസൺ എബ്രാഹം, എ.എ.ഷുക്കൂർ, എ.എം.നസീർ, അഡ്വ. ബി.ബാബുപ്രസാദ്, എ.കെ.രാജൻ, അഡ്വ. ബി.രാജശേഖരൻ, കെ.കെ.ഷാജു, കല്ലേലി രാഘവൻ പിള്ള, അഡ്വ. പൂക്കുഞ്ഞ്, ഫാ. സേവ്യർ കുടിയാംശ്ശേരി, ജഅ്ഫർ സാദിഖ് സിദ്ദിഖി, പി. എ ഷിഹാബുദ്ദീൻ മുസ്ലിയാർ, അഡ്വ. സി.ആർ.ജയപ്രകാശ്, ത്രിവിക്രമൻതമ്പി, പി.ടി.ജോസഫ്, എ.എം.നസീർ, കെ.പി.ശ്രീകുമാർ, ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ഫ്രാൻസിൽ നിന്ന് എത്തിയ ജോൺസ് ഗാന്ധി തൊപ്പിയും ദേശീയപതാകയും പിടിച്ച് യു.ഡി.എഫ് പ്രവർത്തകരോടൊപ്പം മനുഷ്യഭൂപടത്തിൽ അണിചേർന്നത് കൗതുകമായി. ജില്ലാ ചെയർമാൻ എം.മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.