ചേർത്തല: മാലിന്യ സംസ്‌കരണ രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന് മാതൃകാ ഗ്രാമപഞ്ചായത്ത് പദവി നൽകുന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും .
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും .പഞ്ചായത്ത് സെക്രട്ടറി ഇ.ക്ലീറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും . വിവിധ ഘടക സ്ഥാപനങ്ങളെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.റ്റി മാത്യു ആദരിക്കും. മികച്ച പ്രവർത്തനം കാഴ്ചവച്ച കുടുംബശ്രീ എ.ഡി.എസിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധുവും ഹരിതകർമ്മ സേനയെ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷും ആദരിക്കും.പൊല്യൂഷൻ കൺട്രോൾ ബോർഡ് ചീഫ് എൻജിനീയർ ബി.ബിജു ഹരിതസന്ദേശവും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.സി.ജയകുമാരി ശുചിത്വ സന്ദേശവും നൽകും.
ജൈവ,അജൈവ മാലിന്യ സംസ്‌ക്കരണ രംഗത്ത് വലിയ മുന്നേറ്റമാണ് മാരാരിക്കുളത്ത് സംഘടിപ്പിച്ചത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് പ്ലാസ്റ്റിക് സംസ്‌ക്കരണ ഫാക്ടറി സ്ഥാപിച്ചു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്‌ക്കരിച്ച് വിൽപ്പന നടത്തുകയും റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാ വാർഡുകളിലും ആരോഗ്യസേനയുടെ നേതൃത്വത്തിൽ പ്ളേറ്റും സ്റ്റീൽ ഗ്ളാസും വാങ്ങി വാടകയ്ക്ക് നൽകിയതിലൂടെ എല്ലാ പൊതു ചടങ്ങുകളിൽ നിന്നും പേപ്പർ ഗ്ലാസും പ്ലേറ്റും ഒഴിവാക്കാനായി. സംസ്ഥാനത്ത് ആദ്യമായാണ് ഈ പ്രവർത്തനം വിജയകരമായി നടപ്പിലാക്കിയത്. വാർഡുകളിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ അസംബ്ലികളിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും പഞ്ചായത്തും ഘടകസ്ഥാപനങ്ങളും കുടുംബശ്രീയും നടത്തിയ ജനകീയ ഇടപെടലാണ് ഇതിന്റെ വിജയ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.