beach

 സന്ദർശകരെ ബുദ്ധിമുട്ടിക്കും വിധം മാലിന്യ നിക്ഷേപം

ആലപ്പുഴ: ബീച്ചിലെത്തുന്നവരെ അലോസരപ്പെടുത്തി മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിട്ടും നടപടിയില്ല. ഇവ കൂട്ടിയിട്ട് കത്തിക്കുന്നതല്ലാതെ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യാൻ സാഹചര്യങ്ങളില്ലാത്തതും തലവേദനയാവുന്നു.

ആലപ്പുഴ ബീച്ചിന്റെ തെക്കുഭാഗം മുതൽ കടപ്പുറം ആശുപത്രി വരെ മാലിന്യ പ്രശ്നം രൂക്ഷമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇവിടങ്ങളിൽ ഒരു സംവിധാനവുമില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ മാലിന്യവും ഇവിടെ കുന്നുകൂടി കിടക്കുകയാണ്. മദ്യപസംഘങ്ങൾ ഉപേക്ഷിക്കുന്ന ബിയർ കുപ്പികൾ പൊട്ടിക്കിടക്കുന്നത് പ്രഭാത നടത്തത്തിന് എത്തുന്നവരുടെയും കുട്ടികളുടെയും ഉൾപ്പെടെ കാലിൽ കുത്തിക്കയറുന്നതും പതിവാണ്. രാവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതും പ്രഭാത സവാരിക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിന്യങ്ങൾ കത്തിക്കരുതെന്ന കർശന നിയമം നിലനിൽക്കെയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ അലക്ഷ്യമായി കത്തിക്കുന്നത്. ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനായി തെരുവുനായ്ക്കളെത്തുന്നത് തീരത്ത് വിശ്രമിക്കാനെത്തുന്നവർക്ക് വലിയ ഭീഷണിയാണുണ്ടാക്കുന്നത്.

..................................


# എക്സ്പോ മാലിന്യങ്ങൾ വെല്ലുവിളി

ഓഷ്യാനസ് എക്‌സ്‌പോ മാലിന്യങ്ങൾ നീക്കം ചെയ്യുകയെന്ന വെല്ലുവിളി ഡി.ടി.പി.സി ഏറ്റെടുത്തിരിക്കുകയാണ്.

ഓഷ്യാനസിനു അനുമതി നൽകുമ്പോൾ മാലിന്യം നീക്കുന്നതു സംബന്ധിച്ചോ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട വകുപ്പുകളുടെ ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചോ വ്യക്തമായ കാര്യങ്ങൾ പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഓഷ്യാനസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച സാഹചര്യത്തിൽ മാലിന്യം നീക്കം ചെയ്യുകയെന്നത് അവരുടെ തലയിൽ വരാത്ത കാര്യമായി. തുടർന്ന് കളക്ടർ ഇടപെട്ടാണ് ഇന്നുമുതൽ മാനലിന്യ നീക്കത്തിന് നടപടി സ്വീകരിച്ചത്.

......................................

ശുചീകരണത്തിന് 48 കുടുംബശ്രീ തൊഴിലാളികൾ ബീച്ചിലുണ്ട്. രണ്ട് ഷിഫ്റ്റായാണ് പ്രവർത്തനം. കനാൽ നവീകരണത്തിന്റെ ജോലിയുള്ളപ്പോൾ ആളുകൾ കുറവായിരിക്കും. നിലവിൽ ശുചീകരണ പ്രവർത്തനം ഉൗർജ്ജിതമാണ്. ഇന്നു മുതൽ ഒാഷ്യാനസിന്റെ മാലിന്യം നീക്കിത്തുടങ്ങും

(എം.മാലിൻ, ഡി.ടി.പി.സി ഡയറക്ടർ)

..........................................

കടൽ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടിവേണം. മത്സ്യസമ്പത്ത് നശിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ ഇല്ലാതാകുന്നു. സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശത്ത് പ്രത്യേക സമിതികൾക്ക് രൂപം നൽകണം

(മത്സ്യത്തൊഴിലാളി പ്രതിനിധികൾ )