ആലപ്പുഴ:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ,കൂടുതൽ ജാഗ്രതയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത സാഹചരത്തിൽ ജില്ലയിലെ മുൻകരുതലുകളുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ജില്ലയിൽ ഇതുവരെ കൊറോണാ വൈറസ് ബാധ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.രോഗം സംശയിക്കുന്ന കേസുകളിൽ ബന്ധപ്പെട്ടവർ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ വയ്ക്കുന്നതിന് എടുക്കേണ്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് എത്തി നൽകിയിട്ടുണ്ട്. ആരോഗ്യം, പൊലീസ്, ടൂറിസം വകുപ്പുകളുടെ ഏകോപനത്തോടെയുള്ള നടപടികളാണ് നടത്തിവരുന്നത്. ആവശ്യത്തിനുള്ള മരുന്നുകളും മാസ്‌കും കി​റ്റുകളും ഐസൊലേഷൻ വാർഡുകളും ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കി. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് ഒരുക്കി. രണ്ടിടങ്ങളിലും 10 ബെഡുകൾ വീതം സജ്ജമാക്കി. സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ മടിച്ചുനിൽക്കാതെ ജില്ലാ മെഡിക്കൽ ഓഫീസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അടിയന്തരമായി ബന്ധപ്പെടണം. ഇത്തരത്തിൽ അറിയിച്ചു കഴിഞ്ഞാൽ ആരോഗ്യവകുപ്പ് പ്രവർത്തകർ അവരുടെ വീടുകളിൽ എത്തി നിർദ്ദേശങ്ങളും ആവശ്യമെങ്കിൽ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തും. രോഗബാധ സംശയിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉള്ളവർ ചികിത്സാ കേന്ദ്രത്തിൽ നേരിട്ടെത്താതെ എത്രയും വേഗം ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണം. നിരീക്ഷണത്തിലുള്ളവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് പൂർണമായി ഒഴിവാക്കണം. ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി,മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

 കൺട്രോൾ റൂം

ജില്ലാ മെഡിക്കൽ ആഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 0477-2237612. 'ദിശ" നമ്പർ : 0471-2552056, 1056.

ടെസ്റ്റുകൾ പൂനെയിൽ

സംശയിക്കുന്ന കേസുകളിൽ പൂനെയിൽ അയച്ചാണ് നിലവിൽ ടെസ്​റ്റുകൾ നടത്തുന്നത്. ജനുവരി ഒന്നുമുതൽ ചൈനയിൽ നിന്നും വിദേശത്തുനിന്നും ജില്ലയിലേക്ക് വന്നവരുടെ കണക്ക് പൊലീസും ടൂറിസം വകുപ്പും ചേർന്ന് ശേഖരിക്കുന്നുണ്ട്. റിസോർട്ടുകൾ, വില്ലകൾ, ഹോംസ്റ്റേകൾ, ഹൗസ് ബോട്ട്, ഹോട്ടലുകൾ എന്നിവയിൽ വിദേശികൾ താമസിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്​റ്റേഷനുകളിൽ സി ഫോം പൂരിപ്പിച്ച് നൽകണം.