ചേർത്തല:ഇരുപത്തിയൊന്ന് ദിന രാത്രങ്ങൾ നീളുന്ന ഉത്സവത്തിന് ഇന്ന് കണിച്ചുകുളങ്ങ ദേവി ക്ഷേത്രത്തിൽ കൊടിയേറും.വൈകിട്ട് 7.30നും 8നും മദ്ധ്യേ ഡോ.ഷിബു ഗുരുപദം തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.ഇതിന് ശേഷം കൊടിയേറ്റ് സദ്യയും നടക്കും.
പാളയംതോടൻ കായ് കൊണ്ട് തയ്യാറാക്കുന്ന പ്രത്യേകതരം ഔഷധ ഗുണമുള്ള കറിക്കൂട്ടാണ് കൊടിയേറ്റ് സദ്യയ്ക്ക് നൽകുന്നത്.ഇത് ഉദര രോഗങ്ങൾക്ക് ശമനമുണ്ടാക്കുമെന്നാണ് വിശ്വാസവും അനുഭവ സാക്ഷ്യവും.കുഞ്ഞുമോൻ പാപ്പാളി,ഷിബു മുണ്ടേക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് സദ്യ ഒരുക്കുന്നത്.
കൊടിയേറ്റ് സദ്യയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരാണ് കണിച്ചുകുളങ്ങരയിലെത്തുന്നത്.ഹരിത ചട്ടം പാലിച്ചാണ് മുഴുവൻ ചടങ്ങുകളും .കൊടിയേറ്റ് സദ്യ പാളയിലാണ് വിതണം ചെയ്യുന്നത്.കൊടിയേറ്റിന് ശേഷം ചിക്കരകുട്ടികളുടെ വരവേൽപ്പ് നടക്കും.ചിക്കര വരവേൽപ്പ് ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവ ദിവസമായ 7ന് തലേന്ന് വരെ നടക്കും.ചിക്കര കുട്ടികളുടെ പൂങ്കാവനമായാണ് കണിച്ചുകുളങ്ങര ദേവി ക്ഷേത്രം അറിയപ്പെടുന്നത്.കൊടിയേറ്റിന് മുന്നേ ചിക്കരവഴിപാടിന് നേതൃത്വം നൽകുന്ന വെളിച്ചപ്പാടിനെ മേൽശാന്തി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും. 22ന് പുലർച്ചെ ഉത്സവത്തിന് കൊടിയിറങ്ങും.
ചിക്കര വഴിപാടിന് എത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ
ചിക്കര വഴിപാടിനെത്തുന്നവർ റൂമുകളിൽ പാചകം ഒഴിവാണമെന്ന അഗ്നിശമന സേനയുടെ നിർദ്ദേശത്തെ തുടർന്ന് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഇവർക്കായി അഞ്ചു നേരം ഭക്ഷണം ഒരുക്കും.പുലർച്ചെ ബെഡ് കോഫി മുതൽ രാത്രിവരെയുള്ള ഭക്ഷണമാണ് ദേവസ്വം തയ്യാറാക്കുന്നത്.ഇതിനായി പ്രത്യേകം പന്തലും ഒരുക്കി.ഭക്ഷണത്തിനായി ദേവസ്വം പ്രത്യേക പാസ് ഏർപ്പെടുത്തി.കുട്ടികൾക്ക് പാൽ ഉൾപ്പെടെ വിതരണം ചെയ്യും.സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണവും രാവിലെ തന്നെ തയ്യാറാക്കി നൽകുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.ഭക്ഷണം സജ്ജമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള കേന്ദ്രീകൃത ഭക്ഷണശാലയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഇന്ന് നിർവഹിക്കും.ചടങ്ങുകൾക്ക് മേൽശാന്തി വി.കെ.സുരേഷ് ശാന്തി നേതൃത്വം നൽകും.
കണിച്ചുകുളങ്ങരയിൽ ഇന്ന്
ദീപാരാധന വിളക്ക് വൈകിട്ട് 6.30ന്,ഭജൻസ് 7ന്,കൊടിയേറ്റ് 7.30നും 8നും മദ്ധ്യേ,തുടർന്ന് കൊടിയേറ്റ് സദ്യ,കഥാപ്രസംഗം രാത്രി 8.30ന്