ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയതോടെ, പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നൽകുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ വഴിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിനാണിതെന്നാണ് സൂചന.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതും രേഖകൾ പരിശോധിക്കുന്നതും പൗരത്വം നൽകുന്നതും അടക്കമുള്ള എല്ലാ നടപടികൾക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്തിടെ പാർലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ / ജില്ലാ മജിസ്‌ട്രേറ്റ് മുഖേന പൗരത്വത്തിനുള്ള അപേക്ഷകൾ റൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങൾ ഒഴിവാക്കിയേക്കും. ഇതിനു പരിഹാരമായി എല്ലാ രേഖകളും ഓൺലൈൻ വഴി സബ്മിറ്റ് ചെയ്യാനായിരിക്കും ആവശ്യപ്പെടുക. ഇതോടെ ഒരു ഘട്ടത്തിലും സംസ്ഥാനസർക്കാരിന്റെ ഇടപെടൽ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടായേക്കും. ഇതിനു വേണ്ട മൊബൈൽ ആപ്പുകളുടെയും മറ്റു സൗകര്യങ്ങളുടെയും സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.
നിലവിലെ സെൻസസും സ്മാർട്ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചെയ്യാനാണ് നീക്കം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എൻ.ഡി.എ. ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വലിയ എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, ജാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ പട്ടിക പ്രകാരം നിയമനിർമാണം നടപ്പിലാക്കിയതിനാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് നിഷേധിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.