ന്യൂഡൽഹി : സൈന്യം രാഷ്ട്രീയത്തിൽ നിന്ന് വളരെ അകന്നാണ് നിൽക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ പ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും സംയുക്ത സേനാ മേധാവി (ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് - സി. ഡി. എസ് ) ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി ആയി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേ, സായുധ സേനയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ പറ്റി അടുത്ത ദിവസം റാവത്ത് പറഞ്ഞ അഭിപ്രായങ്ങൾ രാഷ്‌ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് ഇന്നലെ അദ്ദേഹം വിശദീകരണം നൽകിയത്.
കര, നാവിക, വ്യോമ സേനകൾ ഒറ്റ ടീമായി പ്രവർത്തിക്കുമെന്നും ജനറൽ റാവത്ത് പറഞ്ഞു. സി. ഡി. എസിന് മൂന്ന് സേനകളുടെയും മേൽ നിയന്ത്രണം ഉണ്ടാവും. എന്നാൽ സി. ഡി. എസ് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ല. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ, വ്യോമസേനാ മേധാവി രാകേഷ് കുമാർ സിംഗ് ബഹദുരിയ, നാവികസേനാ മേധാവി കരംബിർ സിംഗ് തുടങ്ങിയവരടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ബിപിൻ റാവത്ത് കൂടിക്കാഴ്ച നടത്തി.
''പ്രഗല്ഭനായ സൈനിക ഉദ്യോഗസ്ഥൻ. സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ബിപിൻ റാവത്തിന് അഭിനന്ദനങ്ങൾ. രാജ്യം പുതു വർഷത്തിലേക്ക്, പുതിയ ദശകത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ആദ്യത്തെ സംയുക്ത സൈനിക മേധാവിയെ ലഭിച്ചിരിക്കുകയാണ്. രാജ്യത്തിനായി അദ്ദേഹം പ്രഗല്ഭ സേവനമാണ് അനുഷ്ഠിച്ചത്''
- പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം ട്വിറ്ററിൽ
സി. ഡി. എസ് റാവത്ത്
ന്യൂഡൽഹി:ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്ത് ഇന്ന് ചുമതലയേൽക്കാനിരിക്കെ അദ്ദേഹത്തിന്റെ പുതിയ യൂണിഫോമിന്റെ വിവരങ്ങൾ പ്രതിരോധമന്ത്രാലയം പുറത്തു വിട്ടു. സേനകളുടെ പൊതുവായ മേധാവി എന്ന നിലയിൽ അദ്ദേഹത്തിന്റെ യൂണിഫോമിൽ മൂന്ന് സേനകളുടെയും അടയാളങ്ങൾ ഉണ്ടാവും. ബെൽറ്റിന്റെ ബക്കിൾ, ബട്ടണുകൾ,ഷോൾഡർ റാങ്ക് ബാഡ്ജ്, പീക്ക്ഡ് ക്യാപ് എന്നിവയുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. കഴുകൻ ( വ്യോമസേന ), രണ്ട് വാളുകൾ ( കരസേന ), നങ്കൂരം ( നാവിക സേന ) എന്നിവയും അശോക ചക്രവും യൂണിഫോമിൽ ഉണ്ടാവും. സൗത്ത് ബ്ലോക്കിലാവും സി. ഡി. എസിന്റെ ഓഫീസ്.