ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതുക്കിയ തീയതി പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി ആറ് വരെ അപേക്ഷിക്കാം. നേരത്തേ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആയിരുന്നു. എന്നാൽ അപേക്ഷകരുടെ ബാഹുല്യം കാരണം നിശ്ചിത സമയ പരിധിക്കുള്ളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും
ഓൺലൈനിലൂടെ അപേക്ഷ നൽകാനായില്ല. ഇതേത്തുടർന്നാണ് തീയതി നീട്ടിയത്. അതേസമയം അപേക്ഷയിലെ പിഴവുകൾ തിരുത്താനുള്ള തീയതികളിൽ മാറ്റമില്ല. ജനുവരി 15 മുതൽ 31 വിദ്യാർത്ഥികൾക്ക് തെറ്റുകൾ തിരുത്താം. ലേ, ലഡാക്ക്, കാശ്മീർ താഴ്‌വര എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായല്ലാതെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ntaneet.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.