general-hospital

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ജില്ലാ ആശുപത്രികളെ സ്വകാര്യ മെ‌ഡിക്കൽ കോളേജുകളുമായി ബന്ധിപ്പിക്കാനുള്ള നീതി ആയോഗ് പദ്ധതി സാധാരണ ജനങ്ങളെ കൊള്ളയടിക്കാനും സ്വകാര്യമേഖലയെ കൊഴുപ്പിക്കാനുമാണെന്ന് ആക്ഷേപം ശക്തമായി.

പൊതു സ്വകാര്യ പങ്കാളിത്തതിൽ ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറുകയാണ് ഇതിന് പിന്നിലെ ഗൂഢലക്ഷ്യമെന്ന് വിദഗ്ദ്ധർ പറയുന്നു.

ഡോക്ടർമാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് നീതി ആയോഗിന്റെ 250 പേജുള്ള റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. ആരോഗ്യ വിദ്യാഭ്യാസത്തിനും നേട്ടമുണ്ടാക്കും വിധം ആശുപത്രി ഒന്നിന് 150 എം. ബി. ബി. എസ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്‌നങ്ങളും ഒരുപോലെ പരിഹരിക്കാമെന്നാണ് കണക്കുക്കൂട്ടൽ. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 734 ജില്ലാ ആശുപത്രികളെ 539 സ്വകാര്യ മെഡിക്കൽ കോളേജുകളുമായാണ് ബന്ധിപ്പിക്കുന്നത്.

ഗുജറാത്തിലും കർണാടകത്തിലും പദ്ധതി വിജയിച്ചെന്നാണ് നിതി ആയോഗ് അവകാശപ്പെടുന്നത്.

സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ദ്ധരും ഈ മാസം 21ന് മുൻപ് ഇത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കണം. സ്വകാര്യപങ്കാളികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും.

പ്രധാന നിർദ്ദേശങ്ങൾ

750കിടക്കകളുള്ള ജില്ലാ ആശുപത്രികളെയാണ് സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ബന്ധിപ്പിക്കുക.

ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതല.

750 കിടക്കകളിൽ 300 എണ്ണത്തിന് പണം ഈടാക്കും (മാർക്കറ്റ് ബെഡ്).

ഇതിലെ രോഗികൾക്ക് ചികിത്സ സ്വകാര്യ മേഖലയിലെ നിരക്കിൽ

ബാക്കി 450 കിടക്ക (റെഗുലേറ്റഡ് ബെഡ്) നിർദ്ധന രോഗികൾക്ക് സൗജന്യം

നിർദ്ധനർ സൗജന്യ ചികിത്സയ്‌ക്ക് രേഖകൾ ഹാജരാക്കണം

ആശങ്കയിൽ ആരോഗ്യവിദഗ്ദ്ധർ

പദ്ധതി സാധാരണക്കാർക്ക് ഗുണമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ സർക്കാർ ആശുപത്രികളുടെ നിലവാരമാണ് മെച്ചപ്പെടുത്തേണ്ടത്. സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുന്നത് അവർക്ക് പണം കൊയ്യാൻ കൂട്ടുനിൽക്കുകയാവും.

സ്വകാര്യ മേഖയിലെ നിരക്കുകൾക്ക് നിയന്ത്രണമില്ല. സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖയ്‌ക്ക് യഥേഷ്‌ടം പണം ഈടാക്കാൻ വഴി തുറക്കും.150 എം.ബി.ബി.എസ്. സീറ്റ് വീതം കൂടുതൽ കിട്ടുന്നതോടെ വിദേശത്ത് പോകുന്ന വിദ്യാ‌ർത്ഥികളുടെ എണ്ണം 5% കുറഞ്ഞേക്കും. പക്ഷേ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ഗുണമാവില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിൽ രോഗികൾ കുറവാണ്. അവിടെ മെഡിക്കൽ വിദ്യാ‌ത്ഥികൾക്ക് പഠിക്കാൻ രോഗികകളെ നൽകാനുള്ള ശ്രമം മാത്രമാണിത്.