ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികൂല നിലപാടു സ്വീകരിച്ച ജെ.ഡി.യുവിനെ ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രിസ്ഥാനം നൽകി അടുപ്പിച്ചു നിറുത്താൻ ബി. ജെ. പി ആലോചിക്കുന്നു. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ജെ.ഡി.യുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നാണ് സൂചന. രാജ്യസഭാ എം.പി രാംചന്ദ്ര പ്രസാദ് സിംഗ്, ലോക്‌സഭാ എം.പി രാജീവ് രഞ്ജൻ സിംഗ് എന്നിവരെ മന്ത്രിസഭയിലേക്ക് ജെ.ഡി.യു നിർദ്ദേശിച്ചതായും അറിയുന്നു.
പൗരത്വ ബില്ലിനെ പാർലമെന്റിൽ പിന്തുണച്ചെങ്കിലും നിയമം ബീഹാറിൽ നടപ്പാക്കുന്നതിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചത് ബി. ജെ. പിയെ ഞെട്ടിച്ചിരുന്നു. എൻ.ഡി.എയിൽ പൗരത്വ നിയമത്തെ ചൊല്ലിയുള്ള ഭിന്നിപ്പായി ഇത് വിലയിരുത്തപ്പെടുകയും ചെയ്‌തു. പ്രതിപക്ഷം ഭിന്നിപ്പ് മുതലെടുക്കുന്നത് തടയാനും മന്ത്രിസ്ഥാനം ഉപകരിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
അതേസമയം ജെ.ഡി.യു നിർദ്ദേശിച്ച രാജീവ് രഞ്ജൻ സിംഗും ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം. പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗും ഭൂമിഹാർ സമുദായക്കാരാണ്. ഒരേ സമുദായത്തിന് രണ്ടു മന്ത്രിമാരെ നൽകുന്നത് ബീഹാറിൽ മറ്റ് സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കുമെന്ന വാദവും ഉയർന്നിട്ടുണ്ട്.
2015ൽ കോൺഗ്രസിനും ആർ.ജെ.ഡിക്കും ഒപ്പം മഹാമുന്നണിയിൽ മത്സരിച്ച് അധികാരത്തിലേറിയ ശേഷമാണ് നിതീഷ് കുമാർ ബി.ജെ.പിയുമായി കൂട്ടുകൂടിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ബീഹാറിൽ എൻ.ഡി.എ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാർ ആയിരിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ തള്ളിയ പ്രശാന്ത് കിഷോർ അടക്കമുള്ള ജെ.ഡി.യു നേതാക്കൾ അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസ്ഥാനം നൽകി ഈ പ്രതിഷേധങ്ങളൊക്കെ തണുപ്പിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. മഹാരാഷ്‌ട്ര വിഷയത്തിൽ എൻ.ഡി.എ വിട്ട ശിവസേനയുടെ വകുപ്പുകളാകും ജെ.ഡി.യുവിന് നൽകുകയെന്നും കേൾക്കുന്നു.