ന്യൂഡൽഹി: പ്രവാസികളുടെ പേരിൽ നടത്തുന്ന ലോക കേരള സഭ വെറും ധൂർത്തും തട്ടിപ്പുമാണെന്നും സി.പി.എമ്മിന് ഫണ്ടു കണ്ടെത്താനുള്ള പരിപാടിയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു. ധൂർത്തിനു കൂട്ടുനിൽക്കാനും പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്ന സർക്കാരുമായി സഹകരിക്കാൻ താത്പര്യമില്ലാത്തതു കൊണ്ടുമാണ് താൻ സമ്മേളനം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഒരു നടപടിയും ലോക കേരളസഭയിലില്ല. സി.പി.എമ്മിന് സ്വാധീനമില്ലാത്ത മേഖലകളിൽ നിന്ന് ഫണ്ട് പിരിക്കാൻ പറ്റിയ നേതാക്കളെയും സഹയാത്രികരെയുമാണ് പരിപാടിക്ക് ക്ഷണിച്ചത്. പങ്കെടുക്കുന്നവരുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും ഒരു വശത്ത് പറയുമ്പോഴാണ് 16 കോടി രൂപ ചെലവഴിച്ച് ലോക കേരളസഭയ്‌ക്ക് വേദിയൊരുക്കിയത്.
പ്രവാസികളുമായി ബന്ധപ്പെട്ടതിനാൽ കേന്ദ്ര വിദേശകാര്യ വകുപ്പുമായി കൂടിയാലോചന നടത്തണമായിരുന്നു. വിദേശകാര്യ മന്ത്രിക്കും തനിക്കും മുഖ്യമന്ത്രി ഒപ്പിട്ട ഒരു കത്തു ലഭിച്ചതല്ലാതെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രാലയവുമായി ആലോചനയൊന്നും നടന്നില്ല. കേന്ദ്ര സർക്കാർ ഇടപെടാതെ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകില്ല. സംസ്ഥാന സർക്കാരുകൾക്കായി വിദേശകാര്യ മന്ത്രാലയത്തിൽ പ്രത്യേക വിഭാഗം തന്നെയുണ്ട്. നേരത്തെ അറിയിച്ചിരുന്നെങ്കിൽ സഹായങ്ങൾ ലഭിച്ചേനെ. എല്ലാറ്റിനും സമാന്തര സംവിധാനമുണ്ടാക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തുന്നത്.