ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രതിയായ സുഷൻ മോഹൻ ഗുപ്തയുടെയും സഹായി ദിനേഷിന്റെയും പൂനെയിലെയും ഡൽഹിയിലെയുംവീടുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ 25 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
കേസിൽ മാർച്ച് 26 ന് സുഷൻ മോഹൻ ഗുപ്തയെ ഇൻഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജൂണിൽ ഗുപ്തയ്ക്ക് സി.ബി.ഐ. കോടതി ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ കേസിൽ ഇ.ഡി അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിരുന്നു.
കാലപ്പഴക്കം ചെന്ന എം.ഐ 8 ഹെലികോപ്റ്ററുകൾക്ക് പകരമായി വി.വി.ഐ.പികൾക്ക് സഞ്ചരിക്കാൻ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ നൽകിയ കരാറിലുള്ള അഴിമതിയാണ് കേസിനാധാരം. 3,600 കോടിയുടെ കരാറിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് 2014ൽ കരാർ റദ്ദാക്കി.