keralaplot
റിപ്പബ്ളിക് ദിന പരേഡിൽ അവതരിപ്പിക്കാനായി കേരളം സമർപ്പിച്ച നിശ്‌ചല ദൃശ്യത്തിന്റെ മാതൃക

ന്യൂഡൽഹി: ജനുവരി 26ന് ഡൽഹിയിൽ റിപ്പബ്ളിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ മാതൃകയ‌ും തിരഞ്ഞെടുക്കപ്പെട്ടില്ല

പരേഡിനുള്ള നിശ്ചല ദൃശ്യങ്ങൾ തീരുമാനിക്കുന്ന രണ്ടു മലയാളികൾ അംഗമായ ജൂറി ആവർത്തന വിരസതയും നിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കേരളത്തെ തഴഞ്ഞത്. കഴിഞ്ഞ കൊല്ലവും സംസ്ഥാനത്തിന് പരേഡിൽ അവസരം ലഭിച്ചിരുന്നില്ല. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ബീഹാർ എന്നിവയുടെ നിശ്‌ചല ദൃശ്യങ്ങളും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല. 16 സംസ്ഥാനങ്ങളുടേത് അടക്കം 22 നിശ്‌ചല ദൃശ്യങ്ങൾക്കാണ് ഇക്കൊല്ലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതി അന്തിമാനുമതി നൽകിയത്.

കേരളത്തിന്റെ

ദൃശ്യം


കായലിലൂടെ തുഴഞ്ഞു നീങ്ങുന്ന ചുണ്ടൻവള്ളത്തിനുള്ളിൽ കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം, പടയണി തുടങ്ങിയ നൃത്തകലാരൂപങ്ങളും കായൽ നടുവിൽ തെങ്ങുകൾ നിറഞ്ഞ ദ്വീപിനകത്ത് നെറ്റിപ്പട്ടം കെട്ടിയ ആനകളും സമീപം കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളും ആയുർവേദ ഔഷധങ്ങളും നിറഞ്ഞ ഒരു വള്ളവും പശ്ചാത്തലത്തിൽ കലാമണ്ഡലത്തിലെ കൂത്തമ്പലവും അടങ്ങിയ മാതൃകയാണ് കേരളം സമർപ്പിച്ചത്. കേരളത്തിന് നേരത്തേ പരേഡുകളിൽ മൂന്ന് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടിത്തന്ന ബംഗാളിലെ ബാപ്പാ ചക്രവർത്തിയാണ് ഇക്കുറിയും മാതൃക രൂപകല്പന ചെയ്‌തത്. ഏഴുമാസം മുമ്പ് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.

ആദ്യം സമർപ്പിച്ചത്

മൂന്ന് മാതൃകകൾ
കുടുംബശ്രീ, വള്ളംകളി, പുലിക്കളി എന്നീ മൂന്നു മാതൃകകളാണ് കേരളം ആദ്യം സമർപ്പിച്ചത്. കുടുംബശ്രീ കേരളത്തിന്റെ തനതു വിഷയമല്ലെന്നും പുലിക്കളിയും വള്ളംകളിയും ആവർത്തനമാണെന്നും സംസ്ഥാനത്തിന്റെ സംസ്‌കാരം മുഴുവനായി പ്രതിഫലിക്കുന്നില്ലെന്നും നർത്തകിയായ ജയപ്രഭാ മേനോൻ, രത്നാകരൻ എന്നീ മലയാളികൾ അടങ്ങിയ ജൂറി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചുണ്ടൻവള്ളത്തിനുള്ളിൽ കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച പുതിയ മാതൃക സമർപ്പിച്ചത്. മാറ്റം വരുത്തിയ മാതൃക മൂന്നാം റൗണ്ടിൽ ജൂറി മികച്ചതെന്ന് വിലയിരുത്തിയെന്ന് കേരളാഹൗസ് അധികൃതർ അറിയിച്ചു. സംഗീതം, ത്രിമാന ദൃശ്യം എന്നിവ പരിശോധിക്കുന്ന ബാക്കി റൗണ്ടുകൾക്ക് ഹാജരാകാനുള്ള കത്ത് ലഭിക്കാതിരുന്നപ്പോഴാണ് പുറത്തായ വിവരം ഡൽഹിയിലെ കേരളാഹൗസ് അധികൃതർ മനസിലാക്കിയത്. പശ്ചിമ ബംഗാൾ രണ്ടാം റൗണ്ടിൽ പുറത്തായി. 56 അപേക്ഷകളിൽ നിന്നാണ് 22 നിശ്ചല ദൃശ്യങ്ങൾ തിരഞ്ഞെടുത്തത്.

2013ൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡിൽ സ്വർണ മെഡൽ ലഭിച്ചിരുന്നു. പിന്നീട് 2014ൽ യു.പി.എ സർക്കാരിന്റെ കാലത്തും എൻ.ഡി.എ അധികാരത്തിൽ വന്ന ശേഷം 2017 വരെയും അവസരം ലഭിച്ചില്ല. 2018ൽ കേരളത്തിന്റെ ഓച്ചിറ കെട്ടുകാഴ്‌ച തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സമ്മാനാർഹമായില്ല. ബി.ജെ.പി ഇതര സർക്കാരുകളുടെ നിശ്‌ചല ദൃശ്യങ്ങൾക്ക് അവസരം നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ‌്‌ട്രീയക്കളിയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ നേതാക്കൾ രംഗത്തുണ്ട്.

'ദേശീയ പൗരത്വ നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച്

പുറത്താക്കി'.

-മദൻ മിത്ര (തൃണമൂൽ നേതാവ്)
'ബി.ജെ.പി ഇതര സർക്കാരുകൾക്കെതിരെ ഗൂഢാലോചന'.

-സഞ്ജത് റാവുത്ത് (ശിവസേന)

'കേന്ദ്രത്തിന് രണ്ടാനമ്മ മനോഭാവം'

-സുപ്രിയാ സുലേ (എൻ.സി.പി)