nirbhaya-case

ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാൻ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി. ജയിലിൽ പുതിയ നാലു തൂക്കുമരങ്ങൾ തയ്യാറാക്കിയെന്നും ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്ന നിലപാടാണ് സർക്കാരിനെന്നുമാണ് റിപ്പോർട്ട്.

നേരത്തെ ഇവിടെ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. 4 പേരുടെയും ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.

ജയിലിൽ ജെ.സി.ബി എത്തിച്ചാണ് പണികൾ പൂർത്തീകരിച്ചത്. വധശിക്ഷയ്ക്ക് ശേഷം മൃതദേഹങ്ങൾ നീക്കാനുള്ള ഇടനാഴിയും പൂർത്തിയാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു.

അതേസമയം, ശിക്ഷ നടപ്പാക്കരുതെന്നും വധശിക്ഷ ഒഴിവാക്കാനുള്ള സാദ്ധ്യത ഇനിയും ബാക്കിയുണ്ടെന്നും കാണിച്ച് പ്രതികളായ വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നിവർ ജയിൽ അധികൃതരെ സമീപിച്ചു.

ഇവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഏതാനും ആഴ്ച മുൻപ് തള്ളിയിരുന്നു. തുടർന്ന്, 7 ദിവസത്തിനുള്ളിൽ ദയാഹർജി സമർപ്പിക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ 18ന് അധികൃതർ പ്രതികൾക്കു നോട്ടിസ് നൽകി.

ഇതിനു മറുപടിയായാണ് പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവകാശമുണ്ടെന്ന് പ്രതികൾ ചൂണ്ടിക്കാട്ടിയത്. കേസിലെ നാലാമത്തെ പ്രതിയായ മുകേഷ് നോട്ടിസിനു മറുപടി നൽകിയിട്ടില്ല. പ്രതികളുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നു കാട്ടി നിർഭയ പെൺകുട്ടിയുടെ മാതാപിതാക്കളും കോടതിയെ സമീപിച്ചിട്ടുണ്ട്.

 2012 ഡിസംബർ 16നാണ് നിർഭയ ക്രൂര പീഡനത്തിരയാകുന്നത്. തുടർന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ഡിസംബർ 29ന് ചികിത്സയ്ക്കിടെയാണ് നിർഭയ മരണത്തിന് കീഴടങ്ങിയത്. നിർഭയ കേസിൽ ആറു പ്രതികളിൽ ഒരാൾ ജയിലിൽ ജീവനൊടുക്കിയിരുന്നു. മറ്റൊരാളെ പ്രായപൂർത്തിയാകാത്തതിനാൽ വെറുതെ വിട്ടു.