chidambaram

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങി ഒരു മാസം പിന്നിടും മുമ്പ് ചിദംബരത്തിന് എയർ ഇന്ത്യ അഴിമതികേസിൽ കുരുക്ക് മുറുകുന്നു. 2005ൽ യു.പി.എ സർക്കാരിന്റെ കാലത്ത് എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങിയതിലും റൂട്ടുകൾ പാട്ടത്തിനു നൽകിയതിലും നടന്ന അഴിമതി സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പി.ചിദംബരത്തെ ആറു മണിക്കൂറോളം ചോദ്യം ചെയ്തു.

ഇടപാടുകളിൽ കള്ളപ്പണം കൈകാര്യം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണിത്. എയർ ഇന്ത്യ ഇന്ത്യൻ എയർലൈൻസ് ലയനം, വിമാനം വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമായുണ്ടാക്കിയ കരാറുകൾ, ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയത്, സോഫ്റ്റ്‌വെയർ ഇടപാട് എന്നിവയാണ് പരിശോധിക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. 2006ൽ എയർബസിൽ നിന്ന് 48 വിമാനങ്ങളും ബോയിംഗിൽനിന്ന് 68 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ചേർന്ന് ഓർഡർ നൽകിയത്. 70,000 കോടി രൂപയടേതായിരുന്നു ഇടപാട്. ഇതുവഴി വിദേശ വിമാനനിർമാണ കമ്പനികൾക്ക് നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. 2011 ൽ സി.എ.ജിയും കരാർ ചോദ്യം ചെയ്തിരുന്നു. റൂട്ടുകളിലെ ലാഭവും സാധ്യതയും പഠിക്കാതെ കൂടുതൽ വിമാനങ്ങൾ വാടകയ്‌ക്കെടുക്കാൻ കരാറുണ്ടാക്കിയതാണ് സംശയം ഉയർത്തിയത്.

വിമാനങ്ങൾ ഏറ്റെടുക്കാൻ നടപടികൾ പുരോഗമിക്കവെയായിരുന്നു ഇത്. ലാഭകരമായ ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളും സമയവും സ്വകാര്യ കമ്പനികൾക്ക് നൽകിയതു വഴി കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നതാണ് മറ്റൊരു കേസ്.

2011ൽ 225 കോടി രൂപ ചെലവിട്ട് ജർമൻ കമ്പനിയായ സാപ് എ.ജി., ഐ.ബി.എം എന്നിവയിൽ നിന്ന് സോഫ്റ്റ്‌വെയർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ്. യു.പി.എ കാലത്തെടുത്ത തീരുമാനങ്ങൾ വഴി കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കാട്ടി സി.ബി.ഐ.

നേരത്തേ കേസ് എടുത്തിരുന്നു.