ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി എംപി ജി.വി.എൽ. നരംസിംഹറാവു നൽകിയ നോട്ടീസിന് രാജ്യസഭയുടെ പ്രിവിലേജ് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെയും പിന്തുണ. ഇന്നലെ കമ്മിറ്റി യോഗം ചേർന്നെങ്കിലും മുൻപ് നിശ്‌ചയിക്കപ്പെട്ട അജണ്ടയിൽ ഉൾപ്പെടാത്തതിനാൽ പ്രമേയ വിഷയം ചർച്ചയ്‌ക്കു വന്നില്ല. വിഷയം പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിലും ഉന്നയിക്കുമെന്ന് ജി.വി.എൽ നരംസിംഹറാവു പറഞ്ഞു.
രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് അദ്ധ്യക്ഷനായ പ്രിവിലേജ് കമ്മിറ്റിയിലെ നാല് ബി.ജെ.പി അംഗങ്ങൾക്കൊപ്പം ബി.ജെ.ഡി, അണ്ണാ ഡി.എം.കെ കക്ഷികളുടെ പ്രതിനിധികളും നോട്ടീസിനെ പിന്തുണച്ചു. കോൺഗ്രസിൽ നിന്ന് രണ്ടും ഡി.എം.കെയുടെ ഒരംഗവും കമ്മിറ്റിയിലുണ്ട്.
പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് ജി.വി.എൽ. നരസിംഹ റാവു നൽകിയ അവകാശലംഘന നോട്ടീസ് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്താൻ രാജ്യസഭാ അദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അംഗീകരിക്കേണ്ടതുണ്ട്. യാത്രയിലുള്ള ഉപരാഷ്‌ട്രപതി തിരിച്ചെത്തിയ ശേഷം അനുമതി വാങ്ങി അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യാനൊരുങ്ങുകയാണ് ബി.ജെ.പി.