ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആഴത്തിൽ ബോധവത്‌ക്കരണം നടത്താൻ ബി.ജെ.പി രാജ്യവ്യാപകമായി നാളെ മുതൽ ഗൃഹസമ്പർക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ മൂന്നു കോടി വീടുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ ഗാസിയാബാദിലും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് ലക്‌നൗ, നിതിൻ ഗഡ്‌കരി നാഗ്‌പൂർ, നിർമ്മലാ സീതാരാമൻ ജയ്‌പൂർ, കിരൺ റിജിജു തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ജില്ലകൾ തോറും പത്രസമ്മേളനങ്ങൾ, ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് പ്രത്യേക സമ്മേളനങ്ങൾ, റാലികൾ, പ്രശസ്‌തരായ വ്യക്തികൾക്ക് പ്രത്യേക ബോധവത്‌ക്കരണ ക്ളാസ് തുടങ്ങിയവും സംഘടിപ്പിക്കും. സമൂഹമാദ്ധ്യമങ്ങൾ വഴിയും സമാന്തരമായി പ്രചാരണം നടത്തും. പരിപാടിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് 8866288662 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് രജിസ്‌റ്റർ ചെയ്യാമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡോ. അനിൽ ജെയിൻ അറിയിച്ചു.