ന്യൂഡൽഹി: യു.പി സർക്കാരിന്റെ വിലക്ക് ലംഘിച്ച് പൗരത്വ നിയമത്തിനെതിരെയുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോയ മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലിഗഡ് മുസ്ളിം സർവകലാശാലയ്‌ക്കു സമീപം റസിഡന്റ്സ് ഡോക്ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആഗ്രയിൽ വച്ച് കസ്റ്റഡിയിലെടുത്ത കണ്ണനെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു പരിപാടി.
കണ്ണൻ ഗോപിനാഥനെ പാനൽ ചർച്ചയിൽ ഉൾപ്പെടുത്തരുതെന്ന് യു.പി സർക്കാർ അലിഗഡ് സർവകലാശാലയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. അലിഗഡ് ജില്ലയിൽ കണ്ണൻ പ്രവേശിക്കുന്നത് വിലക്കി മജിസ്‌ട്രേട്ട് ഉത്തരവും നിലവിലുണ്ട്. എന്നാൽ ഇത് വകവയ്‌ക്കാതെ കണ്ണൻ പോവുകയായിരുന്നു. 'ഞാൻ അലിഗഡിൽ പോകും. അധികൃതർ ഉചിതം പോലെ ചെയ്യട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ കസ്റ്റഡിയിലെടുത്തത് മുതലുള്ള കാര്യങ്ങൾ കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്യുന്നുണ്ട്. മൊബൈൽ പിടിച്ചെടുത്തേക്കുമെന്നും അത് പോയാൽ പിന്നെ ആരെയും ബന്ധപ്പെടാനാകില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.നേരത്തെ മുംബയ് പൊലീസും കണ്ണനെ കസ്റ്റഡിയിലെടുത്തിരുന്നു.