caa-protest

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്കില്ലെന്ന് കേന്ദ്രം. ചട്ടങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ലെന്നും അതുവേണ്ടെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശമെന്നും അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.
പൗരത്വ നിയമത്തിനെതിരേ കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോടു നിർദേശം തേടേണ്ടെന്നു കേന്ദ്രം തീരുമാനമെടുത്തത്. ഈ സാഹചര്യത്തിൽ നിയമം അതിവേഗം നടപ്പിലാക്കാനും കേന്ദ്രം മുതിരുമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച ചില ഹർജികളിൽ തീർപ്പാകുന്നതു വരെ കാത്തിരിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥർ നിയമം ഉടൻ നടപ്പാക്കിയേക്കുമെന്നും സൂചിപ്പിക്കുന്നു.
പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സംബന്ധിച്ച് ഉടൻ വ്യക്തത വരുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ''ഒരു അപേക്ഷകൻ 2014 ഡിസംബറിന് മുമ്പ് വന്നതാണെന്ന് എങ്ങനെ തെളിയിക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കും. ഇത് തെളിയിക്കാൻ അദ്ദേഹം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ്, പാകിസ്താനിലോ അഫ്ഗാനിസ്താനിലോ ബംഗ്ലാദേശിലോ മതപരമായ പീഡനം നേരിട്ടതായി തെളിയിക്കേണ്ടതുണ്ടോ എന്ന കാര്യങ്ങളെല്ലാം പരിശോധിച്ചു വരികയാണ്'' ഉദ്യോഗസ്ഥർ പറഞ്ഞു.