ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹം ജോലി സ്ഥലത്ത് പൊതുദർശനത്തിനു വയ്ക്കുന്നത് തടഞ്ഞ് റസിഡന്റ് കമ്മിഷണർ പുനീത്കുമാർ അനാദരവ് കാട്ടി. തുടർന്ന് ജീവനക്കാരും റസിഡന്റ് കമ്മിഷണറുമായി വാക്കുതർക്കമുണ്ടായി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട ശേഷമാണ് കേരള ഹൗസിൽ പൊതുദർശനത്തിന് അനുമതി ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് കേരള ഹൗസിൽ കൺട്രോളർ ഓഫീസിലെ അസിസ്റ്റന്റായ ഗീതാകുമാരി (45) ഹൃദയാഘാതത്താൽ മരിച്ചത്. പാലക്കാട് സ്വദേശിയാണ്. ഇന്നലെ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തെടുത്തപ്പോൾ റസിഡന്റ് കമ്മിഷണർ തടസവാദം ഉയർത്തുകയായിരുന്നു. കേരള ഹൗസിൽ പൊതുദർശനത്തിനു വയ്ക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. മൃതദേഹം കേരള ഹൗസിന് പിന്നിലേക്ക് മാറ്റിവയ്ക്കാനും നിർദ്ദേശിച്ചു. ഇതോടെ ജീവനക്കാർ കമ്മിഷണറോടു തട്ടിക്കയറി. തുടർന്ന് എ. സമ്പത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അനുമതി നേടുകയായിരുന്നു. ഇക്കാര്യം കമ്മിഷണറെ ബോദ്ധ്യപ്പെടുത്തി മൃതദേഹം കേരള ഹൗസിലേക്ക് കൊണ്ടുവന്ന് 20 മിനിട്ട് പൊതുദർശനത്തിന് വച്ചു. മൃതദേഹം വിമാനമാർഗം കേരളത്തിലെത്തിക്കും.