jnu-protest

ന്യൂഡൽഹി: ഫീസ് വർദ്ധനയ്‌ക്കെതിരെ 90 ദിവസമായി സമരം ചെയ്യുന്ന ജെ.എൻ.യു വിദ്യാർത്ഥികളെ സമരപ്പന്തലിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അയിഷെ ഘോഷാണ് പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവമെന്നും അയിഷെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമരപ്പന്തലിന് സമീപത്തെ ലൈറ്റുകൾ അണച്ച ശേഷം ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പെൺകുട്ടികളടക്കമുള്ളവരെ ബൂട്‌സിട്ട് ചവിട്ടുകളും അപമാനിക്കുകയും ചെയ്തതായും അയിഷെ പറഞ്ഞു. ഇതേത്തുടർന്ന് കാമ്പസിൽ ഇന്നലെ സംഘർഷ സാഹചര്യമായിരുന്നു. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നൂറിലേറെ വിദ്യാർത്ഥികൾ കാമ്പസിൽ ധർണ നടത്തി. ഇതിനിടെ സമരക്കാരും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

രജിസ്‌ട്രേഷൻ നടപടികൾ ബഹിഷ്‌കരിക്കാൻ വിദ്യാർത്ഥികളെ സമരക്കാർ പ്രേരിപ്പിച്ചത് ചോദ്യംചെയ്ത എ.ബി.വി.പി പ്രവർത്തകർ സംഘർഷം അഴിച്ചുവിടുകയായിരുന്നു. 10ലേറെ വിദ്യാർത്ഥികൾക്കു പരിക്കേറ്റു.